ശക്തമായ മഴ: നൂൽപ്പുഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
1576803
Friday, July 18, 2025 5:51 AM IST
സുൽത്താൻ ബത്തേരി: കഴിഞ്ഞദിവസം രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ നൂൽപ്പുഴയിലെ കല്ലൂർ പുഴയും ചെറുംതോടുകളും കരകവിഞ്ഞു. ഇതോടെ പുഴയോരങ്ങളിലെ പാടശേഖരങ്ങളടക്കം താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ശക്തമായ മഴവെള്ളപ്പാച്ചിലിൽ ചെറുതോടുകളുടെ വരുന്പുകൾ തകർന്ന് വയലുകളിലേക്ക് വെള്ളവും മണ്ണും കുത്തിയൊഴുകി കൃഷിനാശം സംഭവിച്ചു.
വിത്തിറക്കിയവർ വീണ്ടും കൃഷിയിറക്കേണ്ട സാഹചര്യമാണ്. പ്രദേശത്തെ നിരവധി വീടുകളും വെള്ളപൊക്ക ഭീതിയിലാണ്. കല്ലൂർ പുഴയുടെ ഓരത്തുള്ള പുഴംകുനി ഉന്നതിയിലേക്ക് ഇന്നലെ രാവിലെയോടെയാണ് വെള്ളം ഇരച്ചെത്തിയത്. ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാലും വീണ്ടും മഴപെയ്താൽ രാത്രിയിൽ ഉന്നതിയിലേക്ക് വീണ്ടും വെള്ളംകയറാനുമുള്ള സാധ്യത കണക്കിലെടുത്തും ഇവിടെയുള്ള കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
ശക്തമായ മഴയിൽ നന്പിക്കൊല്ലി, കണ്ണംകോട്, മണ്ണൂർകുന്ന്, കോളിപ്പാളി കോട്ടൂർ, കല്ലൂർ പാടശേഖരങ്ങളിൽ വെള്ളംകയറി. നെൻമേനി പഞ്ചായത്തിലെ വലിയവട്ടം തോട് കരകവിഞ്ഞ് തവനി, വലിയവട്ടം, ചെറുമാട് പാടശേഖരങ്ങളിലും വെള്ളംകയറി. നൂൽപ്പുഴയിൽ മുത്തങ്ങ - ആലത്തൂർ - മ·ഥൻമൂല റോഡിൽ വെള്ളംകയറിയതോടെ ആലത്തൂർ, ചെണ്ടക്കുനി അടക്കമുള്ള പ്രദേശങ്ങൾ ഒറ്റപ്പെട്ടനിലയിലാണ്.
മുത്തങ്ങപുഴ കരകവിഞ്ഞാണ് ഇവിടേക്ക് വെള്ളം കയറിയത്. മഴ ശക്തമായി തുടർന്നാൽ ദേശീയപാത 766ൽ തകരപ്പാടി, പൊൻകുഴി ഭാഗങ്ങളിൽ വെള്ളംകയറാനും ഗതാഗത തടസത്തിനുകാരണമാകും.