അച്ചടക്ക നടപടി ചോദിച്ചുവാങ്ങരുത്: നേതാക്കൾക്ക് താക്കീതുമായി കെപിസിസി അധ്യക്ഷൻ
1576295
Wednesday, July 16, 2025 8:24 AM IST
കൽപ്പറ്റ: കോണ്‍ഗ്രസിൽ അനൈക്യത്തിനു വളമിടുന്ന നേതാക്കൾക്കും പ്രവർത്തകർക്കും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎയുടെ താക്കീത്. അച്ചടക്ക നടപടി ചോദിച്ചുവാങ്ങരുതെന്ന് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ കോണ്‍ഗ്രസ് ജില്ലാ സമരസംഗമവും വാർഡ് പ്രസിഡന്റുമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും ഉദ്ഘാടനം ചെയ്യവേ കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പുനൽകി.
പാടിച്ചിറയിൽ പാർട്ടി മുള്ളൻകൊല്ലി മണ്ഡലം വികസന സെമിനാറിനിടെ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനുനേരേയുണ്ടായ കൈയേറ്റ ശ്രമത്തിന്റെയും ഇതേത്തുടർന്നു പാർട്ടി ജില്ലാ ഘടകത്തിലുണ്ടായ പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു കെപിസിസി അധ്യക്ഷന്റെ താക്കീത്.
പാർട്ടിയുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വരുന്നത് സന്തോഷകരമല്ലാത്ത വാർത്തകളാണ്. പാർട്ടിയിൽ ഐക്യം പരമപ്രധാനമാണ്. ഐക്യത്തിനു പോറൽ ഏൽപ്പിക്കുന്ന ഇടപെടലുകൾ നേതാക്കളുടെയും പ്രവർത്തകരുടെയും ഭാഗത്ത് ഉണ്ടാകരുത്. കോണ്‍ഗ്രസ് സമ്മേളനങ്ങളിൽ പതിവായി പങ്കെടുക്കുന്നതിലും വളരെ അധികം അണികളും അനുഭാവികളും പുറത്തുണ്ട്. അവരാണ് തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വലിയ വിജയം സമ്മാനിക്കുന്നത്. നേതാക്കൾ നന്നാകണമെന്ന്് അവരെക്കൊണ്ട് പറയിക്കരുത്.
പാർട്ടി അച്ചടക്കം ഓരോ കോണ്‍ഗ്രസുകാരന്റെയും കടമയും ഉത്തരവാദിത്വവുമാണ്. തെറ്റുകൾ സംഭവിച്ചാൽ തിരുത്തണം. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഏറ്റവും ശക്തിയുള്ള ജില്ല വയനാടാണ്. ഈ ശക്തി നിലനിർത്താനും വർധിപ്പിക്കാനും പാർട്ടി പ്രവർത്തകർ പരിശ്രമിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു.