റവന്യു ഡിജിറ്റൽ കാർഡ് നവംബറോടെ നടപ്പാക്കും: മന്ത്രി കെ. രാജൻ
1576298
Wednesday, July 16, 2025 8:24 AM IST
കൽപ്പറ്റ: സംസ്ഥാനത്ത് റവന്യു ഡിജിറ്റൽ കാർഡ് 2025 നവംബറോടെ നടപ്പാക്കുമെന്ന് റവന്യു ഭവന നിർമാണ മന്ത്രി കെ. രാജൻ. പൊതുജനങ്ങൾക്ക് ഒരേ സർട്ടിഫിക്കറ്റ് ഒരേ ആവശ്യത്തിന് ഒരേ സ്ഥാപനത്തിൽ നിന്നും ഒന്നിലധികം തവണ ലഭ്യമാക്കേണ്ട സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനാൽ ഭൂമി സംബന്ധമായ 14 ഓളം വിവരങ്ങൾ അടങ്ങിയ കാർഡ് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലാതല പട്ടയമേള ഓണ്ലൈനായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ 312 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയാവുകയാണ്. സർവേ പൂർത്തിയാകുന്ന മുറയ്ക്ക് എല്ലാ വില്ലേജുകളിലെയും ജനങ്ങൾക്ക് അവരുടെ ഭൂമിയും കെട്ടിടവും ഉൾപ്പെടുന്ന സന്പൂർണ വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ റവന്യു കാർഡ് വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഒരു വ്യക്തിയുടെ പേരിലുള്ള ഭൂമിയുടെ നികുതി, ഭൂമിയുടെ തരം, സ്വഭാവം തുടങ്ങി ഭൂമിയുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട എല്ലാ വിവരങ്ങളും ചിപ്പ് ഘടിപ്പിച്ച ഡിജിറ്റർ കാർഡ് മുഖേന ലഭിക്കും. വില്ലേജ് ഓഫീസർ ഒപ്പിടുന്ന വിശ്വസ്തതയോടെ കാർഡ് വിതരണം ചെയ്യാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
ഘട്ടംഘട്ടമായി ഡിജിറ്റൽ ലോക്കർ സംവിധാനത്തിൽ ഓരോ കുടുംബങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തും. സംസ്ഥാനത്ത് കുറഞ്ഞ കാലയളവിൽ റവന്യു വകുപ്പ് വിതരണം ചെയ്തത് 12 കോടി ഇ സർട്ടിഫിക്കറ്റുകളാണ്. ഡിജിറ്റൽ സർവേയുടെ ഭാഗമായി കണ്ടെത്തുന്ന കൈവശമുള്ളതും എന്നാൽ ആരുടെയും പേരിലല്ലാത്ത ഭൂമിയുടെ ഉടമസ്ഥതയും അർഹതയും പരിശോധിച്ച് പട്ടയം വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങളും നടത്തുന്നുണ്ട്. ഭൂരഹിതരായ ഒരാളുമില്ലാത്ത കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാരെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭൂരഹിതരായ മുഴുവൻ ആളുകളെയും ഭൂവുടമകളാക്കുകയാണ് സർക്കാർ. കഴിഞ്ഞ ഒന്പത് വർഷക്കാലം 4,09,000 പട്ടയങ്ങൾ വിതരണം ചെയ്തു. രണ്ടാം പിണറായി സർക്കാർ നാല് വർഷം പിന്നിടുന്പോൾ 2,02,300 പട്ടയങ്ങളും വിതരണം ചെയ്തു. 50 വർഷക്കാലമായുള്ള വിവിധ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ പട്ടയ ഡാഷ് ബോർഡിലൂടെ സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാധാരണക്കാരായ അർഹരായ ആളുകൾക്ക് ഭൂമി ലഭിക്കാൻ നിയമങ്ങളിലോ ചട്ടങ്ങളിലോ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ ആവശ്യമായ ഭേദഗതി വരുത്താൻ സർക്കാർ മടിക്കില്ല.
അർഹതപ്പെട്ടവന് ഭൂമി എന്നതിൽ സർക്കാരിന് കൃത്യമായ ധാരണയുണ്ട്. കൈവശക്കാർ, കുടിയേറ്റക്കാർ, കയ്യേറ്റക്കാർ എന്നിവരെ ഒരു പോലെയല്ല സർക്കാർ കാണുന്നത്. കുടിയേറ്റക്കാരായ മനുഷ്യർ മറ്റു നിവർത്തികളില്ലാതെ ജീവിത ലക്ഷ്യത്തിനായി പണിയെടുക്കാനും താമസിക്കാനും കുടിയേറിയവരാണ്. പട്ടയ അർഹതയുടെ വരുമാനപരിധി രണ്ടര ലക്ഷം രൂപയായി ഉയർത്താൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ലാൻഡ് അസൈൻമെന്റ് വിഭാഗത്തിൽ 141, മിച്ചഭൂമി ഇനത്തിൽ 66, ക്രയ സർട്ടിഫിക്കറ്റ്, ലാൻഡ് ട്രൈബ്യൂണൽ പട്ടയമായി 785, കൈവശ രേഖ (വനാവകാശം)അഞ്ച് പട്ടയങ്ങളാണ് ഇന്നലെ വിതരണം ചെയ്തത്.