വന്യമൃഗശല്യം: സുന്ദരയ്യ മെമ്മോറിയൽ ട്രസ്റ്റ് ദ്വിദിന ശിൽപശാല നടത്തുന്നു
1535695
Sunday, March 23, 2025 6:11 AM IST
കൽപ്പറ്റ: അഖിലേന്ത്യ കിസാൻസഭയുടെ പിന്തുണയോടെ പി. സുന്ദരയ്യ മെമ്മോറിയിൽ ട്രസ്റ്റ് 25, 26 തീയതികളിൽ പുത്തൂർവയൽ ഡോ.എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ ഹാളിൽ ശിൽപശാല നടത്തും.
വനത്തോടു ചേർന്നുള്ള പ്രദേശങ്ങളിൽ വന്യജീവിശല്യം വർധിച്ചതിന്റെ യഥാർഥ കാരണങ്ങൾ കണ്ടെത്തുക, സാമൂഹികജീവിതത്തിന്റെ വ്യത്യസ്ത മേഖകളിൽ വന്യജീവി ശല്യം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വിലയിരുത്തുക, കഷ്ടനഷ്ടങ്ങൾ ശാസ്ത്രീയമായി നിർണയിക്കുക, ശാസ്ത്രീയ പരിഹാര നിർദേശങ്ങൾ കേന്ദ്ര,
സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശിൽപശാല സംഘടിപ്പിക്കുന്നതെന്ന് കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, സ്വാഗതസംഘം ഭാരവാഹികളായ പി.കെ. സുരേഷ്, സി.ജി. പ്രത്യുഷ്, എ.വി. ജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അക്കാദമിക് വിദഗ്ധരും കർഷക-ജനപ്രതിനിധികളുമടക്കം 150 പേർ പങ്കെടുക്കുന്ന ശിൽപശാല 25ന് രാവിലെ 10ന് സുന്ദരയ്യ ട്രസ്റ്റ് ട്രസ്റ്റിയും അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറിയുമായ ഡോ.വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കിസാൻസഭ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഇ.പി. ജയരാജൻ അധ്യക്ഷത വഹിക്കും.
ഫിനാൻസ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, വത്സൻ പനോളി, ഭാരത് ജ്ഞാൻ-വിജ്ഞാൻ സമിതി അഖിലേന്ത്യ സെക്രട്ടറി ഡോ.ഓംപ്രകാശ് തുടങ്ങിയവർ പങ്കെടുക്കും. 11.25 മുതൽ വിവിധ സെഷനുകൾ നടക്കും.
ശിൽപശാലയെത്തുടർന്നുള്ള പഠനത്തിന് അക്കാദമിക് വിദഗ്ധരുടെ സേവനവും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ നിർദേശങ്ങളും പ്രയോജനപ്പെടുത്തും. പഠന റിപ്പോർട്ട് പിന്നീട് പ്രസിദ്ധപ്പെടുത്തും.