കത്തോലിക്ക കോണ്ഗ്രസ് അവകാശ സംരക്ഷണയാത്ര 15ന് വയനാട്ടിൽ
1599689
Tuesday, October 14, 2025 8:03 AM IST
കൽപ്പറ്റ: നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറന്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്ര 15ന് മാനന്തവാടി രൂപതയിലെ നാല് കേന്ദ്രങ്ങളിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മതേതരത്വം ഭരണഘടന സംരക്ഷണം, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് നടപ്പാക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, കാർഷിക ഉത്പന്നങ്ങളുടെ ന്യായവില ഉറപ്പാക്കുക, വിദ്യാഭ്യാസ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ വിഷയങ്ങൾ പൊതുസമൂഹവുമായി സംവദിച്ചുകൊണ്ടാണ് യാത്ര നടത്തുന്നത്.
15ന് രാവിലെ 7.30ന് ചുങ്കക്കുന്നിൽ സ്വീകരണം നൽകും. ഫാ. പോൾ കൂട്ടാല ഉദ്ഘാടനം ചെയ്യും. മാത്യു കൊച്ചുതറയിൽ അധ്യക്ഷത വഹിക്കും. ഫാ. ടോമി പുത്തൻപുര പ്രഭാഷണം നടത്തും.
രാവിലെ 11ന് കൽപ്പറ്റയിൽ ഫാ. തോമസ് പ്ലാശനാൽ ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ.കെ.പി. സാജു കൊല്ലപ്പള്ളി അധ്യക്ഷത വഹിക്കും. ഫാ. ഷിജു ഐക്കരക്കാനായിൽ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് രണ്ടിന് ബത്തേരിയിൽ ഫാ. തോമസ് മണക്കുന്നേൽ ഉദ്ഘാടനം ചെയ്യും. സാജു പുലിക്കോട്ടിൽ അധ്യക്ഷത വഹിക്കും. ഫാ. ജോസഫ് മേച്ചേരിൽ പ്രഭാഷണം നടത്തും.
സമാപന സമ്മേളനം വൈകുന്നേരം 4.15ന് ലിറ്റിൽ ഫ്ളവർ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് റാലിയോട് ആരംഭിക്കും. ഫാ. ജയിംസ് പുത്തൻപറന്പിൽ റാലി ഫ്ളാഗ് ഓഫ് ചെയ്യും. ഗാന്ധി സ്ക്വയറിലെ പൊതു സമ്മേളനം രൂപത വികാരി ജനറാൾ മോണ്. പോൾ മുണ്ടോളിക്കൽ ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ അധ്യക്ഷത വഹിക്കും.
കത്തീഡ്രൽ പള്ളി വികാരി ഫാ. സോണി, ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരക്കൽ, ടി.ജെ. റോബി, റെനിൽ കഴുതാടിയിൽ, അഡ്വ. ഗ്ലാസീസ് ചെറിയാൻ, സേവ്യർ കൊച്ചു കുളത്തിങ്കൽ, ജിജോ മംഗലത്ത്, സുനിൽ പലമറ്റം എന്നിവർ പ്രസംഗിക്കും. ഗ്ലോബൽ നേതാക്കളായ ഫാ. ഫിലിപ്പ് കവിയിൽ, ഡോ. ജോസുകുട്ടി ജെ. ഒഴുകുകയിൽ, അഡ്വ. ടോണി പുഞ്ചിക്കുന്നേൽ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ വിഷയാവതരണ പ്രഭാഷണം നടത്തും.
അവകാശ സംരക്ഷണയാത്ര 24 ന് തിരുവനന്തപുരത്ത് സമാപിക്കും. രൂപതാ പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ, ട്രഷറർ സജി ഫിലിപ്പ്, സെക്രട്ടറി ഇ.വി. സജി ഇരട്ടമുണ്ടയ്ക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.