സംരംഭകത്വ, നൈപുണ്യ വികസന പരിശീലനത്തിന് തുടക്കമായി
1599896
Wednesday, October 15, 2025 5:43 AM IST
കൽപ്പറ്റ: കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന എംഎസ്എംഇ ഡെവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫീസ് പീപ്പിൾസ് ഫൗണ്ടേഷനുമായി സഹകരിച്ച് സുഗന്ധ വ്യഞ്ജനങ്ങളുടെ മൂല്യവർധിത പ്രക്രിയയും വിപണനവുമായും ബന്ധപ്പെട്ട് സംരംഭകത്വനൈപുണ്യ വികസന പരിശീലന പരിപാടിക്ക് തുടക്കമായി.
ജില്ലയിലെ എസ്സി/പിന്നാക്ക മേഖലയിലും പുഞ്ചിരിമട്ടം ഉരുൾ ദുരന്ത മേഖലയിലുള്ളവർക്കാണ് പരിശീലനം നൽകുന്നത്. മേപ്പാടി പീപ്പിൾസ് റീജണൽ സെന്ററിൽ നടക്കുന്ന 30 ദിവസത്തെ പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.
എംഎസ്എംഇ വികസന ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ സി. ലജിത മോൾ ക്ലാസിന് നേതൃത്വം നൽകി. ജില്ലാ കോഓർഡിനേറ്റർ സി.കെ. ഷമീർ അധ്യക്ഷത വഹിച്ചു. എറൈസ് മേപ്പാടി ചെയർമാൻ ടി.പി. യൂനുസ് മുഖ്യാതിഥിയായിരുന്നു.
പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഡോ.വി.എം. നിഷാദ്, പ്രോജക്ട് കോഓർഡിനേറ്റേഴ്സ് ഷെഹീൻ ബസ്മല, മുഹ്സിൻ മുഷ്ത്താക്, കെ. അൻഷദ് അഹസൻ എന്നിവർ സംബന്ധിച്ചു.