സർക്കാർ പദ്ധതികളെക്കുറിച്ച് ബോധവത്കരണം അനിവാര്യം: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
1599698
Tuesday, October 14, 2025 8:03 AM IST
സുൽത്താൻ ബത്തേരി: സർക്കാരുകൾ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് നിരന്തര ബോധവത്കരണം അനിവാര്യമാണെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അഭിപ്രായപ്പെട്ടു.
പദ്ധതികളെക്കുറിച്ച് ആളുകളിലേക്ക് വിവരങ്ങൾ എത്തിക്കാൻ വിവിധ വകുപ്പുകൾ ശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബത്തേരിയിൽ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ നടത്തുന്ന പ്രത്യേക ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബത്തേരിയിൽ നടക്കുന്ന പരിപാടിയിൽ വിവിധ സർക്കാർ വകുപ്പുകൾ ഒരുമിച്ച് ചേർന്ന് പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും സേവനങ്ങളും നൽകുന്നത് നല്ല മാതൃകയാണെന്നും ഇത്തരത്തിൽ കൂടുതൽ പരിപാടികൾ നടക്കണമെന്നും അദ്ദേഹം നിർദേശിച്ചു. കേന്ദ്ര സർക്കാരിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശന ബോധവൽക്കരണ പരിപാടി നടത്തുന്നത്.
സർക്കാർ പദ്ധതികളെക്കുറിച്ച് ക്ലാസുകൾ, സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾ, ദേശീയ ആരോഗ്യദൗത്യത്തിന്റെ നേതൃത്വത്തിൽ ജീവിത ശൈലി രോഗ നിർണയ ക്യാന്പ്, ആധാർ സേവനങ്ങൾ, കലാപരിപാടികൾ, ക്വസ് മത്സരങ്ങൾ തുടങ്ങിയവ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ ബത്തേരി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് സാലി പൗലോസ് അധ്യക്ഷത വഹിച്ചു.
സിബിസി കേരള ലക്ഷദ്വീപ് മേഖലാ അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി മുഖ്യ പ്രഭാഷണം നടത്തി. സുൽത്താൻ ബത്തേരി ആഡീഷണൽ ഐസിഡിഎസ് പ്രോജക്ട് സിഡിപിഒ ഡോ.ആൻ. ഡാർളി വർഗീസ്, ജില്ലാ വനിതാ സംരക്ഷണ ഓഫീസർ വി.പി. ഗീത, വയനാട് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം.വി. പ്രജിത്ത് കുമാർ, ടെക്നിക്കൽ അസിസ്റ്റന്റ് കെ.എസ്. ബാബുരാജൻ, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റന്റ് സുരേഷ് കുമാർ എം. തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രതിരോധ സേനകളിലേക്ക് നടക്കുന്ന റിക്രൂട്ട്മെന്റിനെക്കുറിച്ച് കോഴിക്കോട് ആർമി റിക്രൂട്ട്മെന്റ് ഓഫീസിൽ നിന്നുള്ള ആർമി റിക്രൂട്ടിംഗ് മെഡിക്കൽ ഓഫീസർ മേജർ അൻമോൽ പരഷാർ ക്ലാസെടുത്തു. 17 വരെ പ്രദർശനം നടക്കും. പ്രവേശനം സൗജന്യമാണ്.