ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം: വ്യാപാരി സംഘടനകളുടെ യോഗം ചേർന്നു
1507728
Thursday, January 23, 2025 5:43 AM IST
കൽപ്പറ്റ: ഒറ്റതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെയും നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ വ്യാപാരി സംഘടനാ പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ, ടെക്സ്റ്റെൽസ് അസോസിയേഷൻ, വയനാട് ചേംബർ ഓഫ് കൊമേഴ്സ്, സൈൻ പ്രിന്റ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ചേർന്നു.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഫ്ളക്സ് ഉത്പന്നങ്ങളുടെ വിപണന ഉപയോഗ നിരോധനം സംബന്ധിച്ച് ചർച്ച ചെയ്തു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പിവിസി ഫ്ളക്സ്, പ്ലാസ്റ്റിക് കൊടി തോരണങ്ങൾ, 500 മില്ലി ലിറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികൾ, പ്ലാസ്റ്റിക്ക് കപ്പുകൾ, പ്ലേറ്റുകൾ, കാരി ബാഗുകൾ എന്നിവയുടെ വിപണനം നിരോധിക്കുന്നതിന് വിപുലമായ പ്രവർത്തനങ്ങളും അടിയന്തര ഇടപെടലുകളും നടത്തണമെന്ന് യോഗത്തിൽ അറിയിച്ചു.
ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിരോധിത വസ്തുക്കൾ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രാദേശിക യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് യോഗത്തിൽ വ്യാപാര സംഘടനാ നേതാക്കൾ അറിയിച്ചു. കളക്ടറേറ്റ് മിനി കോണ്ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.കെ. വിമൽരാജ്, ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ എസ്. ഹർഷൻ,
വ്യപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോജിൻ ടി. ജോയ്, സെക്രട്ടറി കെ. ഉസ്മാൻ, വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പറ്റാനി, സെക്രട്ടറി കെ.ഐ. വർഗീസ്, എസ്പിഐഎ പ്രസിഡന്റ് പി.എം. സലാം, സെക്രട്ടറി പി.എം. ഷബീർ, ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് അബ്ദുൾ മനാഫ്, വൈസ് പ്രസിഡന്റ് എം.സി പീറ്റർ, മലിനീകരണ നിയന്ത്രണ ബോർഡ് പരിസ്ഥിതി എൻജിനിയർ ബി. അഭിലാഷ് എന്നിവർ പ്രസംഗിച്ചു.