കെ.ജെ. ബേബിയുടെ എഴുത്തും ജീവിതവും: ദ്വിദിന സെമിനാർ നടത്തി
1497365
Wednesday, January 22, 2025 6:27 AM IST
മാനന്തവാടി: കെ.ജെ. ബേബിയുടെ എഴുത്തും ജീവിതവും എന്ന വിഷയത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ഗവ.കോളജും സംയുക്തമായി ദ്വിദിന സെമിനാർ നടത്തി. സാഹിത്യകാരിയും സാംസ്കാരിക പ്രവർത്തകയുമായ സി.എസ്. ചന്ദ്രിക ഉദ്ഘാടനം ചെയ്തു.
പാർശ്വവത്കൃത സമൂഹത്തിന്റെ ജീവിതദുരിതങ്ങളെ കാൽപനികവത്കരിക്കാതെ പരുഷമായി കോറിയിട്ട കെ.ജെ. ബേബിയുടെ കൃതികളെയും ബദൽ വിദ്യാഭ്യാസ സന്പ്രദായമായ കനവിനെയും മുൻനിർത്തി പഠനങ്ങൾ ഉണ്ടാകേണ്ടത് അനിവാര്യതയാണെന്ന് അവർ പറഞ്ഞു. ഡോ.കെ.ഡി. സിജു രചിച്ച എഴുതുന്ന സ്ത്രീ, എഴുത്തിലെ സ്ത്രീ എന്ന പുസ്തകത്തിന്റെ പ്രകാശനവും സി.എസ്. ചന്ദ്രിക നിർവഹിച്ചു.
പ്രിൻസിപ്പൽ ഡോ.കെ. അബ്ദുൾസലാം പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം. സത്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ.എൻ. മനോജ്, ഗ്രന്ഥകാരൻ ഡോ.കെ.ഡി. സിജു, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ എൻ. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കെ.ജെ. ബേബിയുടെ കൃതികളെയും ജീവിതത്തെയും ആസ്പദമാക്കി തയാറാക്കിയ പ്രബന്ധങ്ങൾ എഴുത്തുകാരായ ഡോ.സി.ജെ. ജോർജ്,
ഡോ.മഹേഷ് മംഗലാട്ട്, കോഴിക്കോട് ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ് പ്രഫ.ഡോ.കെ.പി. രവി എന്നിവർ അവതരിപ്പിച്ചു. ഗവ.കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.ഡെന്നി ജോസഫ്, എൻ. ജയകൃഷ്ണൻ, അസി.പ്രഫ.സി.എസ്. അരുണ്കുമാർ എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു. മലയാളം വിഭാഗം മേധാവി ഡോ.കെ. രമേശൻ സ്വാഗതവും ഡോ.എസ്. ശരത് നന്ദിയും പറഞ്ഞു.
സെമിനാറിന്റെ രണ്ടാം ദിവസം ബെസ് പുർക്കാന: കുടിയേറ്റത്തിന്റെ നാൾവഴികൾ, കനവ്: വിദ്യാഭ്യാസ ശാസ്ത്രം, ഗുഡ: അനുഭവാഖ്യാനത്തിന്റെ ദൃശ്യപാഠം എന്നീ വിഷയങ്ങളിൽ ഡോ.മിനിപ്രസാദ്, വയനാട് ഡയറ്റ് റിട്ട.സീനിയർ ലക്ചറർ കെ. സുരേന്ദ്രൻ, നിലന്പൂർ ഗവ.കോളജ് അസോ.പ്രഫ.ഡോ. കെ.വി. സഞ്ജയ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.