യൂറിയ വളത്തിന് ക്ഷാമം; നെൽ കർഷകർ ദുരിതത്തിൽ
1460751
Saturday, October 12, 2024 5:00 AM IST
സുൽത്താൻ ബത്തേരി: നെൽച്ചെടികൾ കതിരിടുന്ന സമയം, ചെടിയ്ക്ക് ആവശ്യമായ വെള്ളവും വളവും കൃത്യമായി ലഭിക്കേണ്ട സമയവും. കതിര് വീഴുന്ന ഈ സമയത്ത് നെല്ലിന് ആവശ്യമായ വളം യൂറിയയാണ്.
അതിനാണെങ്കിൽ ഇപ്പോൾ ക്ഷാമവും. നെല്ലിന് പുറമേ കിഴങ്ങു വിളകൾ ഉൾപ്പെടെയുള്ളവയ്ക്ക് കായ് പിടിക്കുന്നതിനും മറ്റും വളരെ വേണ്ടപ്പെട്ട വളമാണ് നൈട്രജനും പൊട്ടാസ്യവുമടങ്ങിയ യൂറിയ. അതാണിപ്പോൾ കിട്ടാനില്ലാത്തത്. ഈ വളം കിട്ടാനില്ലാത്തതിനാൽ കൂട്ടുവളങ്ങളെയാണ് കർഷകർ ആശ്രയിക്കുന്നത്. എൻ.പി.കെ പോലുള്ള വളമാണ് കർഷകർ നെല്ലിന് നൽകുന്നത്.
സബ്സിഡി നിരക്കിൽ കർഷകർക്ക് ലഭിക്കുന്ന വളമാണ് യൂറിയ. 45 കിലോയുടെ ഒരു ചാക്ക് വളത്തിന് 267 രൂപയാണ് വില. അതേ സമയം മറ്റ് വളങ്ങൾക്ക് ഇതിന്റെ ഇരട്ടി വില നൽകണം. ഗുണം കുറവുമാണ്. കഴിഞ്ഞ ഒരു മാസമായി യൂറിയ വളം കടകളിലെത്തിയിട്ടില്ല. കർഷകർ വളക്കടകളിലെത്തി നിരാശയോടെ മടങ്ങിപ്പോവുകയാണ്.