കടുവ ശല്യം: തൊവരിമല എസ്റ്റേറ്റിലേക്ക് മാർച്ച് നടത്തി
1451984
Monday, September 9, 2024 8:23 AM IST
സുൽത്താൻ ബത്തേരി: കുന്താണി-കട്ടയാട് മേഖലാ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാരിസണ്‍സ് മലയാളം കന്പനിയുടെ തൊവരിമല എസ്റ്റേറ്റിലേക്ക് മാർച്ച് നടത്തി. എസ്റ്റേറ്റിലെ കാട് വെട്ടിത്തെളിച്ച് കടുവ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
തൊവരിമല എസ്റ്റേറ്റിലെ അടിക്കാട് വെട്ടിത്തെളിക്കാത്തത് കടുവ ശല്യത്തിനു കാരണമാകുന്നുണ്ട്. എസ്റ്റേറ്റിൽ കാടുപിടിച്ച ഭാഗത്ത് തങ്ങുന്ന കടുവകൾ സമീപ പ്രദേശങ്ങളിൽ മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയാണ്. കാടുവെട്ടിത്തെളിക്കുന്നതിന് പ്രദേശവാസികൾ പഞ്ചായത്ത് അധികൃതർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയെങ്കിലും നടപടിയില്ല. ഈ സാഹചര്യത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. സത്താർ ഉദ്ഘാടനം ചെയ്തു. ടി. രാജൻ അധ്യക്ഷത വഹിച്ചു.
വി.ജി. ഗോപാലകൃഷ്ണൻ, എം.കെ. പ്രേംജി, എം.പി. തങ്കച്ചൻ, പി. അശോകൻ, ഡീനു ജോർജ് എന്നിവർ പ്രസംഗിച്ചു. സമരത്തിന്റെ രണ്ടാം ഘട്ടമായി നെൻമേനി പഞ്ചായത്ത് ഓഫീസിലേക്കും കളക്ടറേറ്റിലേക്കും മാർച്ച് സംഘടിപ്പിക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.