കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്ക്
1443959
Sunday, August 11, 2024 6:11 AM IST
സുൽത്താൻബത്തേരി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് തൊഴിലാളികൾക്കു പരിക്കേറ്റു. ചെതലയം മാളപ്പാടി സങ്കേതത്തിലെ സുശീല(44), മണികണ്ഠൻ(20)എന്നിവർക്കാണ് പരിക്കേറ്റത്. ഇരുളം മാതമംഗലത്ത് സ്വകാര്യ കാപ്പിതോട്ടത്തിൽ ജോലിചെയ്യുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.
ഒപ്പമുണ്ടായിരുന്നവർ ബഹളം വച്ചപ്പോഴാണ് കാട്ടുപോത്ത് പിൻവാങ്ങിയത്. പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുശീലയുടെ തോളെല്ലിനും മണികണ്ഠന്റെ കൈകാലുകൾക്കുമാണ് പരിക്ക്. തൊഴിലാളികൾ രാവിലെ തോട്ടത്തിൽ എത്തിയപ്പോൾ കാട്ടുപോത്തിന്റെ കാൽപ്പാടുകൾ കണ്ടിരുന്നു.
ഇതേത്തുടർന്നു തെരഞ്ഞെങ്കിലും കാട്ടുപോത്ത് ശ്രദ്ധയിൽപ്പെട്ടില്ല. തൊഴിലാളികൾ കാപ്പിക്ക് വളം ഇടുന്നതിനിടെയാണ് കാട്ടുപോത്ത് കിടങ്ങ് മറികടന്ന് പാഞ്ഞെത്തിയത്. സുശീലയെയും മണികണ്ഠനെയും വനം വകുപ്പിന്റെ വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്.