ഉരുൾപൊട്ടൽ: രണ്ട് ശരീരഭാഗം കൂടി കണ്ടെത്തി
1443958
Sunday, August 11, 2024 6:11 AM IST
കൽപ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടി മണ്ണിൽ പുതഞ്ഞ പ്രദേശങ്ങളിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ മുടങ്ങിയ ജനകീയ തെരച്ചിൽ ഇന്നു പുനരാരംഭിക്കും. രാവിലെ എട്ടിന് ആരംഭിക്കും.
വിവിധ സേനാംഗങ്ങളും സന്നദ്ധ പ്രവർത്തകരും ജനപ്രതിനിധികളും ദുന്തരത്തിൽ കാണാതായവരുടെ ബന്ധുക്കളിൽ സന്നദ്ധരായവരും പങ്കെടുക്കും. ദുരന്തപ്രദേശത്തെ ആറ് മേഖലകളായി തിരിച്ചായിരിക്കും തെരച്ചിൽ. രാവിലെ ഒൻപതിനകം രജിസ്റ്റർ ചെയ്തവർക്കു മാത്രമേ തെരച്ചിൽ മേഖലയിൽ പ്രവേശനം അനുവദിക്കൂ.
സുരക്ഷ പരിഗണിച്ചാണിത്. നാളെ പുഴയുടെ താഴെ ഭാഗങ്ങളിൽ സേനയെ ഉപയോഗിച്ച് തെരച്ചിൽ നടത്തും. ദുരന്തഭൂമിയിൽ ജീവിച്ചതിൽ 130 ഓളം പേരെയാണ് കണ്ടെത്താനുള്ളത്.
ഉരുൾ ഒഴുകിയ കാന്തൻപാറ ഭാഗത്തുനിന്നു ഇന്നലെ സന്നദ്ധ പ്രവർത്തകർ രണ്ട് ശരീരഭാഗം കൂടി കണ്ടെത്തി. ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ 229 മൃതദേഹങ്ങളും 198 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്.
ഇതിൽ തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പുത്തുമലയിലാണ് സംസ്കരിച്ചത്. ഇന്നലെ മൂന്നു മൃതദേഹവും ഒരു ശരീര ഭാഗവും സംസ്കരിച്ചു. കാണാതായവരെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി 119 രക്തസാംപിൾ ശേഖരിച്ചു. ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി 14 ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്.