കാട്ടാനഭീതിയിൽ പോലീസ് ചെക്ക്പോസ്റ്റ്
1443360
Friday, August 9, 2024 5:35 AM IST
സുൽത്താൻ ബത്തേരി: കാട്ടാനഭീതിയിൽ മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ചെക്പോസ്റ്റ്. സന്ധ്യമയങ്ങിയാൽ ചെക്പോസ്റ്റിന് സമീപം കാട്ടാനകൾ കൂട്ടമായി നിലയുറപ്പിക്കുന്നതാണ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള പോലീസുകാരെ ഭീതിയിലാക്കുന്നത്.
ദേശീയപാത 766ൽ വാഹനപരിശോധനയ്ക്കായാണ് ഒരുവർഷം മുന്പ് പോലീസ് ചെക്ക് പോസ്റ്റ് തകരപ്പാടിയിൽ സ്ഥാപിച്ചത്. ഡ്യൂട്ടിയിലുള്ളവർക്ക് കഴിയാനായി കണ്ടെയ്നർ ഉപയോഗിച്ച് ഓഫീസ് സംവിധാനവും ഒരുക്കി. ചെക്ക് പോസ്റ്റിൽ മുഴുവൻ സമയവും പോലീസ് സേവനവും ഉണ്ട്.
എന്നാൽ വനപ്രദേശമായതിനാൽ സന്ധ്യമയങ്ങുന്നതോടെ കാട്ടാനശല്യം രൂക്ഷമാണ്. ഡ്യൂട്ടിയിലുള്ളവർക്ക് രാത്രിയിൽ പുറത്തിറങ്ങി ഭീതികൂടാതെ നിൽക്കാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും കഴിയാത്ത അവസ്ഥയാണ്. ജീവൻ പണയപ്പെടുത്തിയാണ് ജീവനക്കാർ ശുചിമുറിയിലെത്തുന്നത്.