30 ചാക്ക് ഫോർട്ടിഫൈഡ് റേഷൻ അരി പിടിച്ചെടുത്തു
1424972
Sunday, May 26, 2024 4:51 AM IST
മാനന്തവാടി: കാട്ടിക്കുളം പനവല്ലിയിലെ സ്വകാര്യ സ്ഥാപനത്തിൽനിന്നു 30 ചാക്ക് ഫോർട്ടിഫൈഡ് റേഷൻ അരി ഭക്ഷ്യ കമ്മീഷൻ അംഗം വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു.
താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിംഗ് ഇൻസ്പെക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് കടയിൽ പരിശോധന നടത്തിയത്. 25 കിലോ ഗ്രാം വീതം പ്ലാസ്റ്റിക് ചാക്കുകളിൽ മാറ്റിനിറച്ച നിലയിലായിരുന്നു അരി.
ഇത് എൻഎഫ്എസ്എ ഗോഡൗണിലേക്ക് മാറ്റി. ക്വാളിറ്റി കണ്ട്രോളർ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം വ്യാപാരിക്കെതിരേ നടപടി സ്വീകരിക്കുമെന്നു വിജയലക്ഷ്മി അറിയിച്ചു.
ഫോർട്ടിഫൈഡ് റേഷനരി ഓപ്പണ്‍ മാർക്കറ്റിൽ എത്തിയതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് കമ്മീഷൻ അംഗം നിർദേശം നൽകിയിട്ടുണ്ട്.