ലൈബ്രറി കൗണ്‍സിൽ അക്ഷര പുരസ്കാരസമർപ്പണം നാളെ
1424620
Friday, May 24, 2024 5:39 AM IST
സുൽത്താൻ ബത്തേരി: വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പ്രഥമ അക്ഷര പുരസ്കാര സമർപ്പണം നാളെ ബത്തേരിയിൽ നടക്കുമെന്ന് കൗണ്‍സിൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ 2.30ന് ബത്തേരി മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പുരസ്കാര സമർപ്പണം കഥാകൃത്ത് സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പ്രഥമ അക്ഷര പുരസ്കാരം എടുത്തുകാരൻ ഒ.കെ. ജോണിക്ക് സമ്മാനിക്കും. അർഷാദ് ബത്തേരി (നോവൽ), നിതിൻ ബാൽ (കഥ), സി.പി. സുജിത (കവിത), ഡോ.ബാവ കെ. പാലുകുന്ന് (വൈജ്ഞാനികം) എന്നിവർക്കാണ് മറ്റ് പുരസ്കാരങ്ങൾ.
മികച്ച ലൈബ്രറി-കണ്ണങ്കോട് നവോദയ ലൈബ്രറി, മികച്ച ലൈബ്രേറിയൻ-വെള്ളമുണ്ട പബ്ലിക് ഗ്രന്ഥശാല ലൈബ്രേറിയൻ എം. നാരായണനെയും താലൂക്ക് തലത്തിൽ തെരഞ്ഞെടുത്ത മികച്ച ലൈബ്രറികളായ സർഗ ഗ്രന്ഥാലയം ഒഴുക്കൻമൂല, കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയം, മികച്ച ലൈബ്രേറിയൻമാരായ കേണിച്ചിറ യുവ പ്രതിഭയിലെ എം.പി. മുരളീധരൻ, മാണ്ടാട് ഗ്രമോദയം ഗ്രന്ഥശാലയിലെ പി.എം. എൽദോ എന്നിവരെയും ആദരിക്കും.
വാർത്താ സമ്മേളനത്തിൽ ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ടി.ബി. സുരേഷ്, താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി പി.കെ. സത്താർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.എം. നളരാജൻ, താലൂക്ക് ലൈബ്രറി കൗണ്‍സിൽ എക്സിക്യൂട്ടീവ് അംഗം കെ. റഷീദ് എന്നിവർ പങ്കെടുത്തു.