കുടിവെള്ള പദ്ധതിക്കു നിർമിച്ച ചാലുകൾ മൂടാത്തത് അപകടങ്ങൾക്കു കാരണമാകുന്നു
1424420
Thursday, May 23, 2024 6:03 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിൽ ജൽജീവൻ മിഷന്റെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്നതിനു റോഡരികുകളിൽ സ്ഥാപിച്ച ചാലുകളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. മുള്ളൻകൊല്ലി-ആലത്തൂർ-പാടിച്ചിറ-മരക്കടവ് റോഡിന്റെ വശങ്ങളിലാണ് ചതിക്കുഴികൾ ഒളിഞ്ഞിരിക്കുന്നത്. റോഡിന് വീതി കുറവായതിനാൽ വലിയ വാഹനങ്ങൾക്കു അരിക് നൽകുന്നതിനായി മറ്റു വാഹനങ്ങൾ റോഡിനു പുറത്തേക്ക് ഇറക്കിയാൽ കുഴിയിൽ താഴും.
പത്തനംതിട്ടയിൽനിന്നു പാടിച്ചിറയ്ക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ഇന്നലെ രാവിലെ ഏഴോടെ വാഴക്കവല ഭാഗത്ത് എതിരേ വന്ന ബസിന് അരിക് കൊടുക്കുന്നതിനിടെ കുഴിയിൽ താഴ്ന്നു.
കഴിഞ്ഞ ദിവസം പാടിച്ചിറ വില്ലേജ് ഓഫീസിന് സമീപം ടിപ്പർ ലോറി കുഴിയിൽ താണിരുന്നു. റോഡിന് പുറത്തേക്ക് ചെരിഞ്ഞ ലോറി ഇലക്ട്രിക് പോസ്റ്റിൽ തട്ടി. വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചശേഷമാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ലോറി ഉയർത്തി മാറ്റിയത്. വാഹനങ്ങൾ കുഴികളിൽ ചാടി അപകടങ്ങൾ ആവർത്തിക്കുന്പോഴും അധികൃതർക്ക് നിസംഗതയാണന്നു നാട്ടുകാർ പറഞ്ഞു.