വോട്ടുറപ്പിക്കാൻ സ്വീപ് ബോധവത്കരണം
1417170
Thursday, April 18, 2024 6:14 AM IST
കൽപ്പറ്റ: വോട്ടിംഗ് അവബോധം നൽകി കൂടുതൽ പൗരൻമാരെ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കാൻ സ്വീപ് വയനാടും തെരഞ്ഞെടുപ്പ് കമ്മീഷനും. ജില്ലയിലെ കാഴ്ച്ച പരിമിതിയുള്ളവർക്കായി നടവയൽ കായക്കുന്നിലെ ബ്ലൈൻഡ് റിഹാബിലിറ്റേഷൻ സെന്ററിൽ ഇന്റൻസീവ് വോട്ടർ അവയർനസ് പ്രോഗ്രാം നടത്തി.
ജില്ലാ കളക്ടർ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലൈൻഡ് റിഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസികളുമായി ജില്ലാ കളക്ടർ തെരഞ്ഞെടുപ്പിൽ പങ്കാളികളാകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംവദിച്ചു.
കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന സന്ദേശവുമായാണ് ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഉറപ്പാണ് എന്റെ വോട്ട് എന്ന പേരിൽ വിപുലമായ പ്രചാരണ പരിപാടികളാണ് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും സ്വീപ്പിന്റെ നേതൃത്തിൽ നടത്തുന്നത്. കെഎഫ്ബി ജില്ലാ പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സ്വീപ് നോഡൽ ഓഫീസർ പി.യു. സിതാര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എഡിഎം കെ. ദേവകി, ഇഡിസി എൻ.എം. മെഹ്റലി, ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ കോർഡിനേറ്റർ എസ്. രാജേഷ് കുമാർ, മാനന്തവാടി തഹസിൽദാർ ജി. പ്രശാന്ത്, കഐഫ്ബി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം. കൃഷ്ണൻ, പി.ടി. ദേവസ്യ, എം. രാജൻ തുടങ്ങിയവർ പങ്കെടുത്തു.