കാർഷിക ജൈവ വൈവിധ്യ സംരക്ഷണം അത്യാവശ്യം: മന്ത്രി ജെ. ചിഞ്ചുറാണി
1396855
Saturday, March 2, 2024 5:33 AM IST
കൽപ്പറ്റ: കാലാവസ്ഥ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ കാർഷിക ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി. പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ നടക്കുന്ന വിത്തുത്സവത്തിൽ വിത്ത് പുരയുടെയും പ്രദർശന ശാലകളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഓരോ വിത്തും സംരക്ഷിക്കുന്നതിലൂടെ പരന്പരാഗത കൃഷി രീതി, സാംസ്കാരിക തനിമ, ഭക്ഷ്യ സുരക്ഷ എന്നിവ കൂടിയാണ് സംരക്ഷിക്കപ്പെടുന്നത്. വിള, വിത്ത് വൈവിധ്യം സംരക്ഷിക്കാൻ കൃത്യമായ ബോധവത്കരണം നൽകുമെന്നും ശാസ്ത്രജ്ഞർ, കർഷകർ, പൊതു പ്രവർത്തകർ, യുവജനങ്ങൾ ഉൾപ്പെടെ എല്ലാവരിൽ നിന്നും പ്രായോഗിക ആശയങ്ങൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. വിത്തുത്സവത്തിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ സുസ്ഥിര കൃഷി, ജൈവ സംരക്ഷണം എന്നിവയുടെ നയരൂപീകരണത്തിലേക്ക് നയിക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
"സുസ്ഥിര കൃഷിക്ക് ആരോഗ്യമുള്ള വിത്തുകൾ’ എന്ന സന്ദേശമുയർത്തി പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ ഗവേഷണനിലയത്തിന്റെ നേതൃത്വത്തിൽ ആദിവാസി വികസന പ്രവർത്തക സമിതി, പരന്പരാഗത വിത്ത് സംരക്ഷകരുടെ സംഘടന സീഡ് കെയർ എന്നിവരുടെ സഹകരണത്തോടെയാണ് വിത്തുത്സവം സംഘടിപ്പിക്കുന്നത്. വയനാടിന്റെ തനത് വിത്തുകൾ പ്രദർശിപ്പിക്കുകയും കർഷകർ തങ്ങൾ സംരക്ഷിച്ചുവരുന്ന വിത്തുകൾ പരസ്പരം കൈമാറുകയും ചെയ്യുമെന്നതാണ് വിത്തുത്സവത്തിന്റെ പ്രത്യേകത.
പ്ലാന്റ് ജിനോം സേവിയർ പുരസ്കാരങ്ങൾ നേടിയ എം. സുനിൽകുമാർ, പ്രസീദ്കുമാർ തയ്യിൽ, പി.എം. സലീം എന്നിവരെയും സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ് ജേതാവ് കെ.എ. റോയ് മോനെയും ആദരിച്ചു. ജില്ലാ ആദിവാസി വികസന പ്രവർത്തക സമിതി ആദിവാസി കർഷകർക്കായി നൽകുന്ന കമ്മ്യൂണിറ്റി ജീനോം സേവിയർ പുരസ്കാരങ്ങളുടെ പ്രഖ്യാപനവും പുരസ്കാര വിതരണവും കർഷകരുടെ വിത്തിനങ്ങളുടെ രജിസ്ട്രേഷൻ പ്രഖ്യാപനവും പ്രഫസർ എം.എസ്. സ്വാമിനാഥൻ അനുസ്മരണ പ്രഭാഷണവും നടന്നു.
കാർഷിക സെമിനാറുകൾ, വിത്ത് വിള വൈവിധ്യ പ്രദർശനം, വിത്ത് കൈമാറ്റം, ഗവേഷകർക്കുള്ള പോസ്റ്റർ സെഷനുകൾ, കാർഷിക വിപണനമേള, പ്ലാന്റ് ഹെൽത്ത് ക്ലിനിക്, വിദ്യാർഥികൾക്കുള്ള വിവിധ പരീശീലനങ്ങൾ, മത്സരങ്ങൾ എന്നിവയും വിത്തുത്സവത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം, കുടുംബശ്രീ മിഷൻ, വിനോദ സഞ്ചാര വകുപ്പ്, എസ്ബിഐ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹോർട്ടിക്കൾച്ചർ മിഷൻ, കിസാൻ സർവീസ് സൊസൈറ്റി എന്നിവരും വിത്തുത്സവത്തിൽ പങ്കാളികളാണ്.
കൽപ്പറ്റ നഗരസഭ ചെയർമാൻ അഡ്വ.ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വാർഡ് അംഗം ഡി. രാജൻ, എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയം ഡയറക്ടർ വി. ഷക്കീല, ചെയർപേഴ്സണ്‍ ഡോ. സൗമ്യ സ്വാമിനാഥൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ജി.എൻ. ഹരിഹരൻ, സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ. ജിജു പി. അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.