വന്യജീവി ആക്രമണം: 50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന്
1396333
Thursday, February 29, 2024 5:18 AM IST
മാനന്തവാടി: വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നൽക്കുന്ന നഷ്ടപരിഹാരം അന്പത് ലക്ഷമാക്കി ഉയർത്തണമെന്ന് അഖിലേന്ത്യ കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ആവശ്യപ്പെട്ടു.
നിലവിൽ പത്ത് ലക്ഷമാണ് നൽകുന്നത്. ഇത് വളരെ കുറവാണ്. ഇത് അന്പത് ലക്ഷമാക്കി ഉയർത്തണം. ഇതിന് ബന്ധപ്പെട്ട സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണം. കേന്ദ്ര വനം നിയമത്തിൽ കാലകാലങ്ങളിൽ പരിഷ്കാരങ്ങൾ കൊണ്ടുവരണം.
വന്യ ജീവികളുടെ വംശവർധനവ് വളരെ കൂടുതലാണ്. ഇത് നിയന്ത്രിക്കുന്നതിന് വേണ്ട നടപടി എങ്ങനെ സ്വീകരിക്കാമെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ശാസ്ത്രീയമായ പഠനം നടത്തണമെന്നും മറ്റ് വിദേശ രാജ്യങ്ങളിൽ വന്യമൃഗങ്ങയുടെ പെരുപ്പം തടയുന്നതിന് വർഷത്തിൽ വിവിധ സമയങ്ങളിൽ വേട്ടയാടുന്നതിന് അനുമതി നൽകുന്നുണ്ട്.
അത് ഇന്ത്യയിലും നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാട്ടാനയാനക്രമണത്തിൽ മരിച്ച പടമല പനച്ചിയിൽ അജി, പാക്കം പോൾ, പരിക്ക് പറ്റിയ പാക്കം ശരത്തിന്റെ വീടുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്ന സത്യൻ മൊകേരി. സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ, സംസ്ഥന വൈസ് പ്രസിഡന്റ് ടി.കെ. രാജൻ മാസ്റ്റർ,
സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.പി. ഷൈജൻ, ജില്ലാ പ്രസിഡന്റ് പി.എം. ജോയി, ഡോ. അന്പി ചിറയിൽ, സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം വി.കെ. ശശിധരൻ, മണ്ഡലം സെക്രട്ടറി ശോഭരാജൻ എന്നിവരും ഒപ്പം ഉണ്ടയിരുന്നു.