പുൽപ്പള്ളിയിലെ പ്രതിഷേധം: കേസെടുത്താൽ വയനാട് സ്തംഭിപ്പിക്കും- കത്തോലിക്കാ കോണ്ഗ്രസ്
1394276
Tuesday, February 20, 2024 7:49 AM IST
പുൽപ്പള്ളി: കുറുവ ഇക്കോ ടൂറിസം കേന്ദ്രം ജീവനക്കാരൻ പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനേത്തുടർന്ന് പുൽപ്പള്ളിയിൽ പ്രതിഷേധിച്ചവർക്കേതിരേ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുക്കുന്നത് ജനവഞ്ചനയാണെന്നും വയനാട് മുഴുവൻ സ്തംഭിപ്പിക്കുന്ന രീതിയിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും കത്തോലിക്കാ കോണ്ഗ്രസ് യോഗം മുന്നറിയിപ്പ് നൽകി.
പ്രതിഷേധിച്ചവർ രാഷ്ട്രീയ പാർട്ടികളുടെ നിറം നോക്കി വന്നവരല്ല. മറിച്ച് അതിജീവനത്തിന് വേണ്ടി പോരാടാൻ വന്നവരാണ്. ഇന്ന് അജീഷും പോളുമാണെങ്കിൽ നാളെ തങ്ങളിൽ ഒരാളാവും വന്യമൃഗത്തിന് ഇരയാവുക എന്ന തിരിച്ചറിവ് ഉള്ളവരാണ് വന്നത്.
സംസ്ഥാന ഭരണത്തിൽ ഭരണപക്ഷ യുവജന സംഘടനകൾ സമരത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിക്കുന്നതും പോലീസിനെ കൈയ്യേറ്റം ചെയ്യുന്നതും പതിവാണ്. അത്തരം അക്രമം കൈയും കെട്ടി നോക്കി നിൽക്കുകയും എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്ന കേരളാ പോലീസ് ജീവിക്കാനുള്ള അവകാശത്തിന്റെ പേരിൻ സമരം ചെയ്തവർക്കേതിരേ കേസ് എടുക്കുന്നത് സർക്കാരിന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണോ എന്ന് വ്യക്തമാക്കണം.
വനം വകുപ്പും സംസ്ഥാന സർക്കാരും ചേർന്ന് വയനാട്ടിലെ ജനങ്ങളെ ബന്ധികളാക്കിയിരിക്കുകയാണ്. പ്രതിഷേധിച്ചവർക്കേതിരേ ലാത്തി അടിച്ചതും ഭരണകൂട ഭീകരതയാണ്. ഇത് കണ്ട് ഭയന്ന് നാട്വിട്ട് ആരും പോകുമെന്ന് ഭരണകർത്താക്കൾ വിചാരിക്കണ്ട. കള്ളക്കേസ് എടുത്താൽ മാനന്തവാടി രൂപതാ സമിതി ഒറ്റക്കെട്ടായി രംഗത്തിറങ്ങും. വൈദികരും ആത്മായരും സന്ന്യസ്ഥരും കർഷകരും ഒന്നിച്ച് അറസ്റ്റ് വരിക്കാൻ തയാറാകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
രൂപതാ ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ ഉദഘാടനം ചെയ്തു. പുൽപ്പള്ളി മേഖലാ പ്രസിഡന്റ് തോമസ് പാഴൂക്കാല അധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടർ ഫാ. ജെയിംസ് പുത്തൻപറന്പിൽ, രൂപതാ പ്രസിഡന്റ് സാജു കൊല്ലപ്പള്ളി, രൂപതാ സെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കൽ, അഡ്വ. ഗ്ലാഡിസ് ചെറിയാൻ, ബീനാ കരുമാംകുന്നേൽ, ഫൊറോനാ വികാരി ഫാ. ജസ്റ്റിൻ മൂന്നനാൽ, ഫാ. ബിജു മാവറ, ഫാ. ജോർജ് മൈലാടൂർ, ബിനു തോമസ്, ജോണ്സൻ തൊഴുത്തുങ്കൽ, ജോർജ് കൊല്ലിയിൽ എന്നിവർ പ്രസംഗിച്ചു.
കേസെടുത്താൽ ശക്തമായി കോണ്ഗ്രസ് പ്രതിരോധിക്കും: എൻ.ഡി. അപ്പച്ചൻ
പുൽപ്പള്ളി: പുൽപ്പള്ളിയിൽ പൊതുജനങ്ങൾ നടത്തിയ പ്രതിഷേധത്തിൽ ഉണ്ടായ ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ കേസെടുക്കാനുള്ള സർക്കാർ തീരുമാനത്തെ എന്തു വിലകൊടുത്തും കോണ്ഗ്രസ് പ്രതിരോധിക്കുമെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അറിയിച്ചു. കർഷകർ അവരുടെ ജീവന് ഭീഷണി നേരിട്ടപ്പോഴാണ് പ്രതികരിക്കാൻ തയാറായത്. അടുത്തടുത്ത ദിവസങ്ങളിലായി മൂന്ന് മനുഷ്യ ജീവനാണ് ഈ പ്രദേശത്തുക്കാർക്ക് നഷ്ടമായത്.
ദിവസേന എന്നോണം വളർത്തു മൃഗങ്ങളെയും കടുവയും പുലിയും കൊന്നു ഭക്ഷിക്കുന്നു. ഇത്രയൊക്കെ ഉണ്ടായിട്ടും സംസ്ഥാന സർക്കാരോ വനംവകുപ്പോ കാര്യക്ഷമമായ സംരക്ഷണം നൽകാത്തതിൽ ജനങ്ങൾക്കുണ്ടായ ആശങ്കകൾ സ്വാഭാവികമായി പ്രകടിപ്പിച്ചത് മാത്രമാണ് പുൽപ്പള്ളിയിലുണ്ടായ സംഭവങ്ങൾക്കടിസ്ഥാനം. അത്തരം പ്രകോപനങ്ങൾക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാനാണ് പോലീസ് ശ്രമിക്കുന്നതെങ്കിൽ അതനുവദിക്കില്ലെന്നും എൻ.ഡി. അപ്പച്ചൻ പറഞ്ഞു. ഇത്രയൊക്കെ ഭീതിജനകമായ സംഭവങ്ങൾ ഈ കൊച്ചു ജില്ലയിൽ നടന്നിട്ടും ഉത്തരവാദിത്തിപ്പെട്ട വകുപ്പ് മന്ത്രിയോ മുഖ്യ മന്ത്രിയോ ജില്ലയിലേക്ക് തിരിഞ്ഞു നോക്കിയില്ല.
എന്നാൽ ജോഡോ ന്യായ് യാത്ര നയിക്കുന്ന രാഹുൽ ഗാന്ധി എംപി വായനാട്ടിലെത്തി മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചതും അവർക്കാവശ്യമായ പിന്തുണ നൽകിയതും സിപിഎമ്മിനേയും ബിജെപിയെയും അങ്കലാപ്പിലാക്കിയതിനാലാണ് അവർ പ്രതിഷേധം ഉയർത്തിയത്. വയനാട്ടിലെ വന്യമൃഗശല്യം തടയുന്നതിനാവശ്യമായ സംരക്ഷണമൊരുക്കാൻ ബാധ്യസ്ഥരായ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കുടിയേറ്റ കർഷകരുടെ നെഞ്ചകം പിളർക്കുന്ന നിസംഗമനോഭാവത്തിലിരിക്കുന്നത് അംഗീകരിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
നിരപരാധികളെ വേട്ടയാടരുത്: കെ.എൽ. പൗലോസ്
പുൽപ്പള്ളി: പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുകയും പഞ്ചായത്തിലെ 56ൽ കടുവ ആക്രമണത്തിൽ മൂരിക്കുട്ടൻ ചാകുകയും ചെയ്ത പശ്ചാത്തലത്തിൽ ശനിയാഴ്ച പുൽപ്പള്ളി ടൗണിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരപരാധികളെ വേട്ടയാടുന്നതിൽനിന്നു സർക്കാരും പോലീസും പിന്തിരിയണമെന്ന് കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ് ആവശ്യപ്പെട്ടു.
വാകേരി മൂടക്കൊല്ലിക്കു സമീപം ക്ഷീരകർഷകൻ പ്രജീഷിനെ കടുവ കൊന്നുതിന്നിട്ടും പയ്യന്പള്ളി ചാലിഗദ്ദയിൽ പനച്ചിയിൽ അജീഷും പിന്നീട് പോളും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും വനം മന്ത്രി തിരിഞ്ഞുനോക്കിയില്ല. ശനിയാഴ്ച പുൽപ്പള്ളിയിൽ ജനകീയ പ്രതിഷേധം ഉയർന്നപ്പോൾ എംഎൽഎമാരടക്കം ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി നേതാക്കളും മറ്റും സ്ഥലത്തെത്തി കാര്യങ്ങൾ നല്ലരീതിയിൽ കൈകാര്യം ചെയ്യാൻ തയാറായിട്ടും ജില്ലാ കളക്ടറുടെ സാന്നിധ്യം ഉണ്ടായില്ല.
വന്യജീവി ആക്രമണം തുർക്കഥയാകുന്പോൾ ജനം വൈകാരികമായി പ്രതികരിച്ചതിൽ അസ്വാഭാവികതയില്ല. പോളിന്റെ മൃതദേഹം പുൽപ്പളളി ടൗണിൽ വച്ച് മണിക്കൂറുകൾ കാത്തിരുന്നിട്ടും കളക്ടർ അടക്കം ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് വരാത്തതിൽ ജനം രോഷത്തിലായിരുന്നു. ഇതേസമയത്താണ് കടുവ ആക്രമണത്തിൽ ചത്ത മൂരിക്കുട്ടന്റെ ജഡം അന്പത്താറിൽനിന്നു പ്രദേശവാസികൾ ട്രാക്ടറിൽ ടൗണിൽ എത്തിച്ചത്.
ജനം വൈകാരികമായി പ്രതികരിക്കുന്ന സാഹചര്യം ചിലർ മുതലെടുത്തു. പ്രതിഷേധത്തിന്റെ ദിശ തിരിച്ചുവിടാൻ ശ്രമിച്ചു. എരിതീയിൽ എണ്ണ ഒഴിച്ച അക്കൂട്ടർ ജനങ്ങളെ സാഹായിക്കാൻ എത്തിയവരെ പോലും ശത്രുക്കളായി ചിത്രീകരിക്കാനും കൂടുതൽ കുഴപ്പം സൃഷ്ടിക്കാനും ശ്രമിച്ചു. ഇതിനു പുൽപ്പള്ളിയിലെ കർഷക സമൂഹം ഉത്തരവാദികളല്ല. അറസ്റ്റുണ്ടാകുമെന്ന ഭയത്തിലാണ് സമരത്തിൽ പങ്കെടുത്ത പലരും. ജനങ്ങളുടെ ഭീതിയകറ്റാനും സുരക്ഷ ഉറപ്പുവരുത്താനും ഉത്തരവാദപ്പെട്ടവർ തയാറാകണമെന്നും പൗലോസ് ആവശ്യപ്പെട്ടു.
വനം വകുപ്പിനോട് ഏഴ് നിർദേശം ഉന്നയിച്ച് പ്രമേയം പാസാക്കി മുള്ളൻകൊല്ലി പഞ്ചായത്ത്
പുൽപ്പള്ളി: പഞ്ചായത്തിലെ ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും ഇറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീതി പരത്തുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് മുള്ളൻകൊല്ലി പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി.
കഴിഞ്ഞ ഏതാനും മാസങ്ങളായി മുള്ളൻകൊല്ലി പഞ്ചായത്തിലെ ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും കടുവ, ആന, കാട്ടുപന്നി, മാനുകൾ തുടങ്ങിയ വന്യമൃഗങ്ങളിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീതി വിതയ്ക്കുകയാണ്. ഇവ വലിയ തോതിൽ കൃഷി നശിപ്പിക്കുകയും ജനങ്ങൾ ജീവനോപാധിയായി വളർത്തി പരിപാലിച്ച് വരുന്ന വളർത്ത് മൃഗങ്ങളെ കൊന്ന് ഭക്ഷിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു വരുന്നു.
നിലവിൽ ടൗണ് പ്രദേശങ്ങളിലുൾപ്പടെ കടുവയുടെ സാന്നിധ്യത്തെത്തുടർന്ന് ആളുകൾക്ക് രാവിലെ തൊഴിലിടങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പോകാൻ സാധിക്കാതെ വരികയും വിദ്യാർഥികളെ സ്കൂളിലയക്കാൻ പോലും പറ്റാത്ത സാഹചര്യത്തിലുമാണ്. കാർഷിക മേഖലയിലെ വിളവെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന ഈ സമയങ്ങളിൽ തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ പോകാൻ പോലും പറ്റാത്ത സ്ഥിതിയാണ്. ഈ വിഷയങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പിനോട് പഞ്ചായത്ത് ഏഴ് നിർദേശങ്ങൾ ഉന്നയിച്ചാണ് പ്രമേയം പാസാക്കിയത്.
കള്ളക്കേസുകൾ പിൻവലിക്കണം: സിപിഐ-എംഎൽ റെഡ് സ്റ്റാർ
കൽപ്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ പുൽപ്പള്ളി, പാക്കത്തെ കുറുവ സംരക്ഷണ സമിതി ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ അതിനുത്തരവാദിയായ വനം വകുപ്പിനും സർക്കാരിനുമെതിരേ ജനാധിപത്യരീതിയിൽ ജനകീയ പ്രതിഷേധം നടത്തിയവർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത വനം വകുപ്പിന്റെയും സർക്കാരിന്റെയും നടപടിയിൽ സിപിഐ-എംഎൽ റെഡ്സ്റ്റാർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
കേസ് എടുക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ആം ആദ്മി പാർട്ടി
പുൽപ്പള്ളി: പിറന്നു വീണ മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി നിസഹായരായ ഒരു ജനത നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുത്തവർക്കെതിരേ കേസ് എടുക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ആം ആദ്മി പുൽപ്പള്ളി, മുള്ളൻകൊല്ലി കമ്മിറ്റികൾ ആവശ്യപ്പെട്ടു. വന്യമൃഗശല്യം മൂലം പൊറുതി മുട്ടിയ ഒരു സമൂഹത്തിന്റെ സ്വഭാവിക പ്രതിഷേധത്തെ കേസ് മുഖേനേ തളർത്താനുള്ള നിക്കം തികച്ചും അപലപനീയമാണ്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ആവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്.
വന്യമൃഗശല്യം പരിഹരിക്കുന്നതിന് കൂടുതൽ കാമറകൾ മേടിക്കാൻ തിരുമാനിച്ചു എന്ന് പറഞ്ഞ് ജനങ്ങളെ വിഢികൾ ആക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്തിരിയണം. പകരം കാടും നാടും വേർതിരിക്കാനും ആനയും കടുവയും പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ ശാസ്ത്രീയമായി ഉയരത്തിൽ വനത്തോട് ചേർന്നും കുറച്ച് മാറിയുമായി ഡബിൾ ഫെൻസിംഗ് വർക്കുകൾ അടിയന്തരമായി ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
മുള്ളൻകൊല്ലി കമ്മിറ്റി യോഗം പുൽപ്പള്ളി കമ്മിറ്റി പ്രസിഡന്റ് ബേബി തയ്യിൽ ഉദ്ഘാടനം ചെയ്തു. ആം ആദ്മി മുള്ളൻകൊല്ലി കമ്മിറ്റി പ്രസിഡന്റ് ലിയോ കൊല്ലവേലിൽ അധ്യക്ഷത വഹിച്ചു. കെ.സി. വർഗീസ്, അജി ഏബ്രാഹം, ഷാജി വണ്ടന്നൂർ, ഷിനോജ് കണ്ണംപള്ളി, സജി പനച്ചകത്തേൽ, കെ.എ. ചാക്കോ, ഒ.എം. തോമസ്, സാബു ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
പൊതുജനങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണം: കോണ്ഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി
പുൽപ്പള്ളി: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പോളിന്റെ ദുരന്തവുമായി ബന്ധപ്പെട്ട് ജനങ്ങൾ നടത്തിയ പ്രതിഷേധത്തിനെതിരേ പോലീസ് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും റദ്ദ് ചെയ്ത് പൊതുജനങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് കോണ്ഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിരന്തരമായ വന്യമൃഗ ആക്രമണത്തിലും ശല്യങ്ങളിലും പരിഹാരം ഉണ്ടാക്കുന്നതിൽ തികഞ്ഞ പരാജയമായ സംസ്ഥാന, ജില്ലാ ഭരണകൂടങ്ങൾ വൻ ദുരന്തങ്ങൾ ഉണ്ടാകുന്പോൾ ജീവരക്ഷാർത്ഥം പ്രതികരിക്കുന്നവർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്നത് അംഗീകരിക്കാനാകില്ല.
പുൽപ്പള്ളി സമരത്തിൽ സർക്കാരിനുണ്ടായി എന്ന് പറയുന്ന ചെറിയ നഷ്ടം പെരുപ്പിച്ച് കാണിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വന്യമൃഗ ശല്യത്താൽ കോടികളുടെ നഷ്ടം ഉണ്ടായ കർഷകരെ തിരിഞ്ഞ് നോക്കാത്തവർ ഇപ്പോൾ നഷ്ടങ്ങളുടെ പേരിൽ കേസുമായി വരുന്നത് ജനങ്ങളോടുളള വെല്ലുവിളിയാണ്. ജനവികാരത്തെ കണ്ടില്ലെന്ന് നടിച്ചാൽ ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും കോണ്ഗ്രസ് മുന്നറിയിപ്പ് നൽകി. മണ്ഡലം പ്രസിഡന്റ് ഷിനോ കടുപ്പിൽ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.ഡി. സജി, വർഗീസ് മുരിയൻകാവിൽ, ഒ.ആർ. രഘു, ബീന ജോസ്, ജോയി വാഴയിൽ, സി.കെ. ജോർജ്, പി.കെ. വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.