കൗമാരകലയുടെ തേരിലേറി ബത്തേരി ജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു
1374501
Wednesday, November 29, 2023 8:40 AM IST
സുൽത്താൻബത്തേരി: സർഗപ്രതിഭകൾ മാറ്റുരയ്ക്കുന്ന 42-ാമത് ജില്ലാ സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു. പ്രധാനവേദിയായ സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കലോത്സവം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു. കലോത്സവ സ്വാഗതഗാനവും ലോഗോയും തയാറാക്കിയവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉപഹാരം നൽകി. വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, മുനിസിപ്പൽ വൈസ് ചെയർപേഴ്സണ് എൽസി പൗലോസ്, ജില്ലാ പഞ്ചായത്ത് അംഗം സീത വിജയൻ, മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അമൽ ജോയ്, സുരേഷ് താളൂർ, കെ.ബി. നസീമ, സിന്ധു ശ്രീധരൻ, മീനാക്ഷി രാമൻ, മുനിസിപ്പൽ കൗണ്സിലർമാരായ സി.കെ. സഹദേവൻ, പി.എസ് ലിഷ, സി.കെ. ഹാരിഫ്, കോഴിക്കോട് റീജിയണൽ ഡെപ്യൂട്ടി ഡറയക്ടർ സന്തോഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. മൂവായിരത്തോളം പ്രതിഭകളാണ് ജില്ലാ കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. സർവജന സ്കൂൾ, സെന്റ് ജോസഫ്സ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ, കൈപ്പഞ്ചേരി ജിഎൽപി സ്കൂൾ, ഡയറ്റ്, പ്രതീക്ഷ യൂത്ത് സെന്റർ എന്നിവിടങ്ങളിലെ എട്ട് വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. 30നാണ് സമാപനം.
മാനന്തവാടി ഉപജില്ല മുന്നിൽ
സുൽത്താൻബത്തേരി: ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജ് ഇന മത്സരങ്ങൾ ആരംഭിച്ചതോടെ ആഘോഷ ലഹരിയിൽ ബത്തേരി നഗരം. രാവിലെ സർവജന സ്കൂളിലെ പ്രധാനവേദിയിൽ നാടോടി നൃത്തത്തോടെയാണ് സ്റ്റേജ് ഇനങ്ങൾക്കു തുടക്കമായത്. ഒടുവിൽ ലഭിച്ച വിവരം അനുസരിച്ച് കലോത്സവത്തിൽ 521 പോയിന്റുമായി മാനന്തവാടി ഉപജില്ലയാണ് മുന്നിൽ. 515 പോയിന്റുമായി ബത്തേരി ഉപജില്ലയാണ് തൊട്ടുപിന്നിൽ.
511 പോയിന്റുമായി വൈത്തിരിയാണ് മൂന്നാം സ്ഥാനത്ത്. സ്കൂൾ തലത്തിൽ 96 പോയന്റുമായി മാനന്തവാടി ജിവിഎച്ച്എസ്എസ് ആണ് ഒന്നാമത്. 88 പോയിന്റുമായി പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് ആണ് രണ്ടാം സ്ഥാനത്ത്. കോൽക്കളി, നാടോടി നൃത്തം, തിരുവാതിര, മോണോ ആക്ട്, ഒപ്പന മത്സരങ്ങൾ നടന്ന ഇടങ്ങളിൽ സന്പന്നമായിരുന്നു സദസ്.
മേള കാണാൻ ഫ്രാൻസിൽനിന്നു അതിഥി
സുൽത്താൻ ബത്തേരി: ജില്ലാ സ്കൂൾ കലോത്സവം ആസ്വദിക്കാനെത്തിയവരുടെ നിരയിൽ ഫ്രാൻസിൽനിന്നുള്ള വനിതയും. പാരീസ് സൗത്ത് വെസ്റ്റ്ലിസേ ഫെനലോ കോളജിലെ റിട്ട.ബയോളജി അധ്യാപിക ആനി മെഡറാണ് കലോത്സവ നഗരിയിൽ ശ്രദ്ധാകേന്ദ്രമായത്.
85കാരിയായ തിങ്കളാഴ്ചയാണ് വയനാട്ടിലെത്തിയത്. സ്കൂൾ കലാമേളയെക്കുറിച്ച് അറിഞ്ഞായിരുന്നു ബത്തേരിക്കു യാത്ര. പത്താം തവണയാണ് ആനി ഇന്ത്യയിലെത്തുന്നത്. ആദ്യമായാണ് കേരള സന്ദർശനം. ഇന്ത്യയിലെ നാടൻ കലകൾ വളരെ ഇഷ്ടമാണന്നു അവർ പറഞ്ഞു.