ഗാന്ധി ജയന്തി: 620 കേന്ദ്രങ്ങളിൽ ഇന്ന് ശുചീകരണം
1339728
Sunday, October 1, 2023 8:03 AM IST
കൽപ്പറ്റ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വച്ഛതാ ഹി സേവ, മാലിന്യ മുക്ത നവകേരളം കാന്പയിനിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും രാവിലെ 10 മുതൽ 11 വരെ ’ഒരു മണിക്കൂർ ഒരുമിച്ച്’ ശുചീകരണം നടത്തും. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പും കുടുംബശ്രീയും ചേർന്നാണ് കാന്പയിൻ നടത്തുക. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ 646 മാലിന്യ കൂന്പാരങ്ങൾ ക്ലീനിംഗ് ഡ്രൈവിലൂടെ ഇല്ലാതാക്കും.
കാന്പയിനിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ നഗരസഭകളിലെ ഒരോ വാർഡിലെ രണ്ടിടങ്ങളിലും പഞ്ചായത്തുകളിലെ ഒരോ വാർഡിലുമാണ് ക്ലീനിംഗ് ഡ്രൈവ് നടക്കുക. വിവിധ സ്ഥലങ്ങൾ സൗന്ദര്യവത്കരിക്കുകയും മാലിന്യം വലിച്ചെറിയുന്നതിനെതിരെയുളള ബോർഡ് സ്ഥാപിക്കുകയും മലിനമായ പൊതുസ്ഥലങ്ങൾ വൃത്തിയാക്കുകയും ചെയ്യും. ജനപ്രതിനിധികൾ, കുടുംബശ്രീ, വിദ്യാർഥികൾ, ഹരിതകർമ്മസേന, എൻഎസ്എസ് വോളണ്ടിയേഴ്സ്, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തതോടെയാണ് കാന്പയിൻ നടക്കുക.
സ്വച്ഛതാ പക്വാഡ സ്വച്ഛതാ ഹി സേവ 2023 ന്റെ ഭാഗമായി രാജ്യത്തുടനീളം മെഗാ ശുചീകരണ ഡ്രൈവാണ് നടക്കുന്നത്. ഗ്രാമീണ നഗര മേഖലയിലെ ശുചിത്വത്തിനായുളള ശ്രമങ്ങൾ ത്വരിതപ്പെടുത്തുകയാണ് കാന്പയിനിന്റെ ലക്ഷ്യം. മാലിന്യ മുക്തം നവകേരളം കാന്പയിനിന്റെ ഭാഗമായി രണ്ട് മുതൽ 10 വരെ വിവിധ തരത്തിലുള്ള ശുചീകരണ പരിപാടികൾ ജില്ലയിലൂടനീളം നടക്കും.