ആദിവാസികൾക്കെതിരായ അതിക്രമങ്ങൾ: മാനന്തവാടിയിൽ സമിതി രൂപീകരണ യോഗം ഇന്ന്
1338589
Wednesday, September 27, 2023 12:59 AM IST
കൽപ്പറ്റ: ആദിവാസികൾക്കെതിരേ കർണാടകയിലും വയനാട്ടിലും വർധിക്കുന്ന അതിക്രമങ്ങൾ തടയുന്നതിന് വിവിധ സംഘടനകളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും നേതൃത്വത്തിൽ പൊതു സമിതി രൂപീകരിക്കുന്നു.
ഇതിനായി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മാനന്തവാടി ഹാക്സണ് ഓഡിറ്റോറിയത്തിൽ യോഗം ചേരും. കർണാടകയിലെ ഇഞ്ചിപ്പാടങ്ങളിലും കുടകിലെ തോട്ടങ്ങളിലും വയനാട്ടിൽനിന്നു പണിക്കുപോയ ആദിവാസികളിൽ നിരവധിയാളുകളാണ് 2005 മുതൽ ദുരൂഹസാഹചര്യത്തിൽ മരിച്ചത്. കാണാതായ ആദിവാസികളും കുറവല്ല. എന്നാൽ എത്ര ആദിവാസികൾ മരിച്ചു, എത്രപേരെ കാണാതായി എന്നതിന് ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗത്ത് കണക്കില്ല.
കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ വയനാട്ടുകാരായ നാല് ആദിവാസികൾ കുടകിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു.ഇതു സംബന്ധിച്ചു വാർത്തകൾ വരുന്നതിനിടെയാണ് ബാവലി സ്വദേശി ബിനീഷിന്റെ മരണം. ഈ പശ്ചാത്തലത്തിലാണ് പൊതു സമിതി രൂപീകരണത്തിനു യോഗം വിളിച്ചതെന്നു സംഘാടക സമിതി ഭാരവാഹികളായ ഡോ.പി.ജി. ഹരി, പി.പി. ഷാന്േറാലാൽ എന്നിവർ പറഞ്ഞു.
പിയുസിഎൽ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, ആദിവാസി വനിതാ പ്രസ്ഥാനം, വെൽഫയർ പാർട്ടി, എസ്ഡിപിഐ, പോരാട്ടം, കുറുക്കൻമൂല ഊര് സമിതി, പുരോഗമന യുവജന പ്രസ്ഥാനം, ഡിഎസ്എ, സിപിഐ(എംഎൽ) റെഡ് ഫ്ളാഗ്, ബിഎസ്പി എന്നി സംഘടനകൾ പൊതുസമിതി രൂപീകരണത്തിനു പിന്തുണ പ്രഖ്യാപിച്ചതായി അവർ അറിയിച്ചു.