കടുവ സാന്നിധ്യം: നട്ടംതിരിഞ്ഞ് പനവല്ലി നിവാസികൾ
1337638
Saturday, September 23, 2023 12:18 AM IST
കൽപ്പറ്റ: രാവിന്റെ മറവിൽ ജനവാസ കേന്ദ്രങ്ങളിൽ ചുറ്റിത്തിരിയുന്ന കടുവകൾ വടക്കേ വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിൽപ്പെട്ട പനവല്ലിയിലും സമീപങ്ങളിലുമുള്ളവരുടെ ഉറക്കം കെടുത്തുന്നു.
വ്യാഴാഴ്ച രാത്രി നായയെ പിന്തുടർന്നെത്തിയ കടുവ പനവല്ലി പുഴക്കര കോളനിയിൽ വീട്ടിൽ കയറിയ സംഭവം ജനങ്ങളുടെ കടുവാഭയം പാരമ്യതയിലാക്കി. വീട്ടിലും രക്ഷയില്ലെന്ന സ്ഥിതി വനത്തോടു ചേർന്നു താമസിക്കുന്നവർക്കിടയിൽ അസ്വാസ്ഥ്യം പരത്തുകയാണ്. ഇരുൾ വീഴുംമുന്പേ വീടിനകത്തുകയറി വാതിലുകൾ ബന്ധിക്കേണ്ട അവസ്ഥയിലാണ് ആളുകൾ.
പനവല്ലി പുഴക്കരയിൽ കയമയുടെ വീട്ടിലാണ് കടുവ കയറിയത്. കയമയും ഭാര്യയും ഈ സമയം വീടിനു പുറത്തായിരുന്നു. വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ കടുവ വരുന്നതുകണ്ട് മച്ചിൽ കയറിയാണ് ജീവൻ രക്ഷിച്ചത്.
കടുവ ആക്രമണത്തിനു തുനിയാതെ പിൻവാങ്ങിയതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. വീടിന്റെ തറയിൽ മാന്തിയശേഷമായിരുന്നു കടുവയുടെ മടക്കം. കയമയും കുടുംബാംഗങ്ങളും പറയുന്നതിൽ കളവില്ലെന്നു തെളിയിക്കുന്നതായി കടുവയുടെ നഖപ്പാടുകൾ.
വടക്കേ വയനാട് വനം ഡിവിഷനിലെ ബേഗൂർ റേഞ്ച് പരിധിയിലാണ് പനവല്ലി. സമീപത്തുള്ള സർവാണി, പുഴക്കര പ്രദേശങ്ങളും കടുവകൾ വിഹാരഭൂമിയാക്കി. ഒന്നര മാസം മുന്പ് തുടങ്ങിയതാണ് ഇവിടങ്ങളിൽ കടുവാശല്യം. കുഞ്ഞും തള്ളയും ഉൾപ്പടെ മൂന്നു കടുവകളാണ് ജനവാസകേന്ദ്രങ്ങളിൽ നിരന്തരം എത്തുന്നത്.
ഇതിൽ കൂടുതൽ കടുവകൾ പ്രദേശത്തുണ്ടെന്നും നാട്ടുകാർ പറയുന്നു. കുഞ്ഞിനൊപ്പം നടക്കുന്ന തള്ളക്കടുവയെയും തനിച്ചു വിഹരിക്കുന്ന കടുവയെയും പലകുറി കണ്ടവർ പനവല്ലിയിലുണ്ട്.
നാട്ടിലിറങ്ങുന്ന കടുവകളെ പിടികൂടി ഉൾവനത്തിലാക്കി ജനങ്ങളുടെ ഭീതിയകറ്റാൻ വനസേന നടത്തുന്ന പരിശ്രമം ഫലവത്താകുന്നില്ല. കടുവകളെ പിടിക്കുന്നതിന് പനവല്ലി ആദണ്ട, സർവാണി, പുഴക്കര എന്നിവിടങ്ങളിലായി മൂന്നു കൂടുകൾ സ്ഥാപിച്ചിട്ടു ദിവസങ്ങളായി.
കൂടുകൾക്കു അടുത്തുവരെ എത്തുന്ന കടുവകൾ അകത്തേക്ക് കയറുന്നില്ല. കടുവകളെ അകലേക്കു തുരത്താൻ ജനപങ്കാളിത്തത്തോടെ വനസേന നാടിളക്കിയതും വൃഥാവ്യായാമമായി.സൗത്ത് വയനാട്, നോർത്ത് വയനാട്, വൈൽഡ് ലൈഫ് എന്നിങ്ങനെ മൂന്ന് വനം ഡിവിഷനുകളാണ് ജില്ലയിൽ.
മൂന്നു ഡിവിഷനുകളിലും ജനവാസ മേഖലകളിൽ കടുവകളുടെ സാന്നിധ്യമുണ്ട്. തെക്കേവയനാട് ഡിവിഷനിലെ വാകേരിയിൽ തോട്ടം തൊഴിലാളി സ്ത്രീകൾ കടുവയ്ക്കു മുന്നിൽപ്പെട്ടത് ദിവസങ്ങൾ മുന്പാണ്. ഇതേ ഡിവിഷനിലെ പുൽപള്ളി കേളക്കവലയിലും കഴിഞ്ഞ ദിവസം കടുവ എത്തി. വയനാട് വന്യജീവി സങ്കേതത്തോടു ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ കടുവ സാന്നിധ്യം തുടർക്കഥയാണ്.
സംസ്ഥാനത്ത് എറ്റവും കൂടുതൽ കടുവകളുള്ള ദേശമാണ് വയനാട്. ദേശീയ കടുവ സംരക്ഷണ അതോറിറ്റി 2022ൽ നടത്തിയ സെൻസസ് പ്രകാരം വന്യജീവി സങ്കേതത്തിൽ മാത്രം 84 കടുവകളുണ്ട്. വനത്തിന്റെ ഗുണനിലവാര ശോഷണം, ഇതുമൂലം കാട്ടിൽ ഇരകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ്, പ്രായാധിക്യം, പരിക്ക് എന്നിവ മൂലം വനത്തിൽ ഇര തേടാനുള്ള ശേഷി നഷ്ടപ്പെടൽ എന്നിവ ജില്ലയിൽ ജനവാസ കേന്ദ്രങ്ങളിൽ കടുവ സാന്നിധ്യം വർധിക്കുന്നതിനു കാരണമാണെന്നു വനസേനയിൽപ്പെട്ടവർ പറയുന്നു.
വയനാടൻ വനത്തിൽ കടുവകളുടെ എണ്ണം കുറയുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 2018ലെ സെൻസസിൽ വയനാട് വന്യജീവി സങ്കേതത്തിൽ 120 കടുവകളുടെ സാന്നിധ്യമാണ് സ്ഥിരീകരിച്ചത്.
തമിഴ്നാട്ടിലെ മുതുമല, കർണാടകയിലെ ബന്ദിപ്പുര, നാഗർഹോള കടുവാസങ്കേതങ്ങളുമായി അതിരിടുന്നതാണ് വയനാട് വന്യജീവി സങ്കേതം. മഞ്ഞക്കൊന്ന ഉൾപ്പെടെ അധിനിവേശ സസ്യങ്ങളുടെ ആധിക്യമാണ് വനത്തിന്റെ ഗുണനിലവാര ശോഷണത്തിനു മുഖ്യകാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വന്യജീവി സങ്കേതത്തിൽ 1,700 ഓളം ഹെക്ടർ പ്രദേശമാണ് അധിനിവേശ സസ്യങ്ങൾ കീഴടക്കിയത്.