കൂടുതൽ ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ച്: എൽഡിഎഫ് കണ്‍വീനർ നിവേദനം നൽകി
1301455
Friday, June 9, 2023 11:44 PM IST
കൽപ്പറ്റ: ജില്ലയിൽ കൂടുതൽ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകൾ അനുവദിക്കുന്നതിനു എൽഡിഎഫ് ജില്ലാ കണ്‍വീനർ സി.കെ. ശശീന്ദ്രൻ വിദ്യാഭ്യാസ, പട്ടികവർഗ മന്ത്രിമാർക്ക് നിവേദനം നൽകി. ഹ്യുമാനിറ്റീസ് വിഷയങ്ങൾ പഠിക്കാൻ താത്പര്യമുള്ള ആദിവാസി വിഭാഗത്തിലേതടക്കം വിദ്യാർഥികൾ ജില്ലയിൽ കൂടുതലാണ്. എന്നാൽ ജില്ലയിൽ ഹ്യുമാനിറ്റീസ് ബാച്ചുകളിൽ 2,450 സീറ്റുകളാണ് ഉള്ളത്. ഈ വർഷം ജില്ലയിൽ 11,600 പേർ എസ്എസ്എൽസി പാസായി.
ഇതിൽ 2,292 പേർ പട്ടികവർഗക്കാരാണ്. താത്പര്യമില്ലാത്ത വിഷയങ്ങളിൽ പ്രവേശനം നേടേണ്ടിവരുന്നത് കൊഴിഞ്ഞുപോക്കിന്റെ പ്രധാന കാരണമാണ്. ആദിവാസി വിദ്യാർഥികളുടെ വിദ്യാലയത്തിലേക്കും തിരിച്ചുമുള്ള യാത്രച്ചെലവ് പട്ടികവർഗ വകുപ്പ് വഹിക്കണം. യാത്രാക്കൂലി ഇല്ലാത്തതും വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കുന്നുണ്ട്.
താലൂക്ക് കേന്ദ്രങ്ങളിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ ആരംഭിക്കണമെന്ന ആവശ്യവും നിവേദനത്തിലുണ്ട്.