പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ ക്രമക്കേട്: പണം കോണ്‍ഗ്രസ് തിരിച്ചടയ്ക്കണമെന്ന്
1300673
Wednesday, June 7, 2023 12:06 AM IST
കൽപ്പറ്റ: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ ക്രമക്കേടിലൂടെ നഷ്ടപ്പെട്ട തുക തിരികെ നൽകാൻ കോണ്‍ഗ്രസിന് ധാർമ്മിക ബാധ്യതയുണ്ടെന്നു കേരള കോണ്‍ഗ്രസ് -എം ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പട്ടു. ഇക്കാര്യത്തിൽ കോണ്‍ഗ്രസിന് ഒഴിഞ്ഞുമാറാനാകില്ല. കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് ഭരണം നടത്തിയതും ഇപ്പോൾ ഭരണം നടത്തി വരുന്നതും. ഇക്കാര്യത്തിൽ തന്നെ ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്ക് മുന്നിൽ പ്രശ്നം അവതരിപ്പിച്ചിട്ട് ശ്രദ്ധിക്കാതിരുന്നത് തികഞ്ഞ നന്ദികേടാണ്. രാജേന്ദ്രൻ നായരുടെ ആത്മഹൂതി വഞ്ചിതരായ ഇരകൾക്ക് വേണ്ടിയുള്ളതാണെന്ന് നാടുമുഴുവൻ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കടങ്ങൾ എഴുതിത്തള്ളാൻ ഗവണ്മെന്റിനോട് ആവശ്യപ്പെടുന്നതിന് പകരം ചെയ്ത തെറ്റുകൾക്ക് മാപ്പു പറയുകയും ക്രമക്കേട് നടത്തിയവരിൽ നിന്ന് തുക തിരികെ വാങ്ങുകയാണ് ചെയ്യേണ്ടത്. ഇക്കാര്യങ്ങളിൽ ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും കൂടുതൽ നടപടികളും ജാഗ്രതയും അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാനന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി അധ്യക്ഷത വഹിച്ചു. കെ.പി. ജോസഫ്, പി.കെ. മാധവൻ നായർ, ടി.എസ്. ജോർജ്, പി.ജെ. കാതറിൻ, ഡെന്നി മാത്യു, കുര്യൻ ജോസഫ്, സണ്ണി ജോർജ്, വി.പി. അബ്ദുൾ ഗഫൂർ ഹാജി, ടോം ജോസ്, ജോസ് തോമസ്, ജോർജ് ജോസഫ്, റെജി ഓലിക്കാരോട്ട്, കെ.കെ. ബേബി, വിൽസൻ നെടുംകൊന്പിൽ, ബിജു തിങ്ങിയത്ത്, ജോയി ജോസഫ്, പി.എം. ജയശ്രീ, ജോണി വാഴപ്ലാംകുടി, മാത്യു ഇടയക്കാട്ട്, കെ.വി. മാത്യു, അഡ്വ. ജോണ്സണ്, ബേബി പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.