വിദ്യാഭ്യാസ വകുപ്പിലെ പൊതു സ്ഥലംമാറ്റം; ഉത്തരവ് വിവാദത്തിൽ
1300669
Wednesday, June 7, 2023 12:06 AM IST
കൽപ്പറ്റ: ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു പുറത്തിറക്കിയ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റ ഉത്തരവ് വിവാദത്തിൽ. സ്ഥലംമാറ്റത്തിനു ഓണ്‍ലൈനിൽ അപേക്ഷിക്കാത്ത ജീവനക്കാരെയും ഉൾപ്പെടുത്തിയാണ് ഉത്തരവ് ഇറക്കിയതെന്നു ആരോപണം ഉയർന്നതോടെയാണിത്. 14 ജീവനക്കാരുടെ പേരുകളാണ് സ്ഥലംമാറ്റ ഉത്തരവിൽ. ഇതിൽ അഞ്ചുപേർ സ്ഥലംമാറ്റത്തിനു ഓണ്‍ലൈനിൽ അപേക്ഷിക്കാത്തവരും ഇപ്പോഴത്തെ സീറ്റിൽ രണ്ടു മാസം മുതൽ ഒരു വർഷം വരെ സർവീസുള്ളവരുമാണെന്നു എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മോബിഷ് പി. തോമസ്, ജില്ലാ ഭാരവാഹികളായ കെ.ടി. ഷാജി, വി.ജെ. ജിൻസ് എന്നിവർ പറഞ്ഞു.
സ്പാർക്ക് സോഫ്റ്റ വേറിൽ ജീവനക്കാരുടെ വിവരം ലോക്ക് ചെയ്യണമെന്ന ഉത്തരവ് നിലനിൽക്കെ സ്ഥലംമാറ്റം നടത്തരുതെന്ന ഓഫീസ് സൂപ്രണ്ടിന്റെ ശിപാർശ പരിഗണിക്കാതെയാണ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഉത്തരവ് ഇറക്കിയത്. ഡിജിറ്റൽ സിഗ്നേച്ചർ ഇല്ലാതെ കീഴ് ഓഫീസുകളിലേക്ക് ഇ മെയിൽ ചെയ്ത ഉത്തരവ് പിന്നീട് മാന്വൽ സിഗ്നേച്ചർ ഇട്ടാണ് വിതരണം ചെയ്തത്. വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെ എഎ എന്നതിനു പകരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ എഎ എന്ന പേരിലാണ് ഉത്തരവ് ഇറങ്ങിയത്.
ഗുരുതരമായ പിഴവാണ് ക്ലർക്ക്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എന്നിവരുടെ ഭാഗത്തുണ്ടായത്. വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസ് ചട്ടവിരുദ്ധമായും മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയും ഉത്തരവുകൾ ഇറക്കുന്ന കേന്ദ്രമായി മാറി. ജീവനക്കാരുടെ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ വച്ചുതാമസിപ്പിക്കുന്നതു ഓഫീസിൽ പതിവാണ്. ഓഫീസ് അറ്റൻഡർമാരുടെ റേഷ്യോ പ്രമോഷനുള്ള സീനിയോറിറ്റി ലിസ്റ്റ് 10 വർഷം മുന്‍പ് പ്രസിദ്ധപ്പെടുത്തിയതാണ്. ആശ്രിത നിയമന ഫയലുകൾ നിസാര കാരണങ്ങൾ പറഞ്ഞ് മടക്കുകയാണ്.
ഗ്രേഡ്, പ്രബേഷൻ അപേക്ഷകൾ പോലും നാലും അഞ്ചും മാസം വൈകിപ്പിച്ചാണ് ഫയലിൽ പോലും പുട്ടപ്പ് ചെയ്യുന്നതെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ചട്ട-മാനദണ്ഡ വിരുദ്ധ നടപടികൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നു അവർ അറിയിച്ചു.