ഡബ്ല്യുസിഎസ് ഭൂമി തട്ടിയെടുക്കാൻ നീക്കം; സംരക്ഷണം ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും ഭീമഹർജിയും
1592896
Friday, September 19, 2025 6:03 AM IST
അന്പലവയൽ: വിമുക്തഭടൻമാർക്കായി സർക്കാർ അനുവദിച്ചു നൽകിയ ഭൂമി ചില സ്വകാര്യ വ്യക്തികൾ ലീസിന് നൽകാൻ നീക്കം നടത്തുന്നതായി ആക്ഷേപം.
ഇതിനെതിരേ മുഖ്യമന്ത്രിയ്ക്കും,റവന്യു വകുപ്പു മന്ത്രിയ്ക്കും ,ജില്ലാ കളക്ടർക്കും ഹരജി നൽകാനും ഒപ്പ് ശേഖരണം നടത്താനും വിമുക്തഭടൻമാരുടെ ആശ്രിതർ നടപടി ആരംഭിച്ചു. അന്പലവയൽ, തോമാട്ടുചാൽ, നെൻമേനി, നൂൽപ്പുഴ, ചീരാൽ, സുൽത്താൻ ബത്തേരി, കുപ്പാടി, കിടങ്ങനാട് തുടങ്ങിയ എട്ട് വില്ലേജുകളിലെ വിമുക്തഭടൻമാരുടെ ആശ്രിതരാണ് ഭൂമി തട്ടിയെടുക്കലിനെതിരേ രംഗത്ത് വന്നത്.
അന്പലവയൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് കീഴിൽ 1943 ഡിസംബർ 26ന അന്നത്തെ മദ്രാസ് സർക്കാർ വിമുക്തഭടൻമാരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി നിലന്പൂർ കോവിലകത്ത് നിന്ന് സൈനിക അമാൽഗമേറ്റഡ് ഫണ്ട ഉപയോഗിച്ച് ഭൂമി വാങ്ങി . എട്ട് വില്ലേജുകളിലായി വിമുക്തഭടൻമാരെ പുനരധിവസിപ്പിക്കുകയും ചെയ്തു.
പല സ്ഥലങ്ങളിലും കർഷകർക്ക് കൂട്ടുകൃഷി കളങ്ങൾ, റിക്രിയേഷൻ ക്ലബുകൾ, ശ്മശാനങ്ങൾ, പാർക്കുകൾ, കിണറുകൾ, ചെക്ക്ഡാമുകൾ പ്ലേ ഗ്രൗണ്ടുകൾ എന്നി പൊതു സ്വത്തായി മാറ്റിവെച്ചിരുന്നു. ഇത്തരത്തിൽപ്പെട്ട അന്പലവയൽ ടൗണിന്റെ ഹൃദയഭാഗത്തായി 72 സെന്റ് സ്ഥലമാണ് ലീസിന് കൊടുക്കാൻ ചിലർ ശ്രമം നടത്തുന്നത്. മേൽപ്പറഞ്ഞ എട്ട് വില്ലേജുകളിലെയും ആളുകൾക്ക് അവകാശപ്പെട്ടതാണ്.
ഇത് വിൽക്കാനോ ,വാടകയ്ക്ക് നൽകാനോ യാതൊരുവിധ അധികാരമോ അവകാശമോയില്ല. അതുകൊണ്ട് തന്നെ അന്പലവയലിലെ ഭൂമി യഥാർഥ വിമുക്തഭടൻമാരുടെ പിൻമുറക്കാർക്ക് അവകാശപ്പെട്ടതാണെന്നും അത് സംരക്ഷിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുന്നത്.