ഹൃദയം തൊട്ട് ‘ഹൃദ്യം’ പദ്ധതി : ജില്ലയിൽ 339 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി
1592895
Friday, September 19, 2025 6:03 AM IST
കൽപ്പറ്റ: ജൻമനാ ഹൃദയ വൈകല്യമുള്ള കുട്ടികളുടെ ചികിത്സയ്ക്കായി സംസ്ഥാന സർക്കാർ ആരോഗ്യ വകുപ്പ് മുഖേന നടപ്പാക്കുന്ന ഹൃദ്യം പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ 339 കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കി.
പദ്ധതിയിൽ 1514 കുട്ടികളാണ് ജില്ലയിൽ ഇതു വരെ രജിസ്റ്റർ ചെയ്തത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലാത്തതും മെഡിക്കൽ പരിശോധനകൾ മാത്രം ആവശ്യമുള്ള കുട്ടികളും ഇതിൽ ഉൾപ്പെടുന്നു.
നവജാത ശിശുക്കൾ മുതൽ 18 വയസ് വരെയുള്ള കുട്ടികളുടെ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സൗജന്യ ചികിത്സയാണ് ഹൃദ്യം പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. ജനന സമയത്ത് ആശുപത്രികളിൽ നിന്നുള്ള പരിശോധന, ഗൃഹസന്ദർശനത്തിലൂടെ ആരോഗ്യപ്രവർത്തകർ നടത്തുന്ന പരിശോധന, അങ്കണവാടി, സ്കൂളുകളിൽ നടത്തുന്ന ആർബിഎസ്കെ സ്ക്രീനിംഗ് എന്നിവ മുഖേനയാണ് കുട്ടികളിലെ ഹൃദ്രോഗം കണ്ടെത്തുന്നത്.
സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുട്ടികളെയും പൾസ് ഓക്സിമെട്രി സ്ക്രീനിംഗിന് വിധേയമാക്കും. ശിശുരോഗ വിദഗ്ധന്റെ സഹായത്തോടെ എക്കോ ടെസ്റ്റ് ഉൾപ്പെടെ നടത്തി ജൻമനാ ഹൃദ്രോഗ ലക്ഷണങ്ങൾ പ്രകടമാക്കുന്ന കുഞ്ഞുങ്ങളെ കണ്ടെത്തും. സ്വകാര്യ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കും പദ്ധതിയിലൂടെ സേവനം ഉറപ്പാക്കുന്നുണ്ട്.
ഹൃദ് രോഗം കണ്ടെത്തുന്ന കുട്ടികളുടെ പേര് വിവരങ്ങൾ tthp://hridyam.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. വ്യക്തികൾക്ക് സ്വന്തമായും രജിസ്ട്രേഷൻ നടത്താം. കൂടാതെ ജില്ലയിലെ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിലും (ഡിഇഐസി) രജിസ്റ്റർ ചെയ്യാം.
അടിയന്തര ശസ്ത്രക്രിയ ആവശ്യമായ കുട്ടികളെ ശസ്ത്രക്രിയ നടത്തേണ്ട ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് സൗകര്യവും പദ്ധതിയിൽ ലഭ്യമാണ്. ഗർഭസ്ഥ ശിശുവിൽ നടത്തുന്ന പരിശോധയിൽ രോഗാവസ്ഥ കണ്ടെത്തിയാൽ ഫീറ്റൽ രജിസ്ട്രേഷൻ നടത്താനും പദ്ധതിയിലൂടെ സാധിക്കും. ചികിത്സയുടെ വിവിധ ഘട്ടങ്ങൾ സോഫ്റ്റ് വേയറിന്റെ സഹായത്തോടെ നിരീക്ഷിക്കും.
ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സാ വിശദാംശങ്ങൾ അതത് ആശുപത്രികൾക്ക് ലഭ്യമായ ലോഗിൻ ഐഡി മുഖേന സോഫ്റ്റ് വേയറിൽ ഉൾപ്പെടുത്തും. രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം (ആർബിഎസ്കെ) നഴ്സുമാർ ഫീൽഡ് തലത്തിൽ കുട്ടികളെ വീടുകളിൽ പോയി സന്ദർശിച്ച് വിവിരങ്ങൾ വിലയിരുത്തും.
കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്, എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, എറണാകുളം ആസ്റ്റർ മെഡിസിറ്റി, എറണാകുളം ലിസി ആശുപത്രി, തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രികളെയാണ് പദ്ധതിക്കായി സർക്കാർ എംപാനൽ ചെയ്തത്.