സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ബിജെപി ധർണ നടത്തി
1592903
Friday, September 19, 2025 6:03 AM IST
പുൽപ്പള്ളി: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പുൽപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ആശുപത്രി പ്രവർത്തനത്തിന് ആവശ്യമായ ഡോക്ടർമാരെയും മറ്റു സ്റ്റാഫുകളേയും നിയമിച്ച് രാത്രികാല, കിടത്തി ചികിത്സ സൗകര്യം ഏർപ്പെടുത്തുക, ലാബിൽ രോഗികളുടെ തിരക്കിന് ആനുപാതികമായി ഉപകരണങ്ങളും വിദഗ്ധരുടേയും സേവനം ഉറപ്പു വരുത്തുക,
അടിയന്തര ചികിത്സ സൗകര്യം 24 മണിക്കൂറും ഉറപ്പുവരുത്തുക, ഓപ്പറേഷൻ തീയറ്റർ സൗകര്യം സ്ഥാപിക്കുക, മോർച്ചറി സൗകര്യം സ്ഥാപിക്കുക, സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്താൻ നടപടികൾ സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി ധർണ നടത്തിയത്.
ബിജെപി ജില്ലാപ്രസിഡന്റ് പ്രശാന്ത് മലവയൽ ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. അരുണ്‍ അധ്യക്ഷത വഹിച്ചു. വി.ആർ. ദിനേഷ്, കെ.ഡി. ഷാജി ദാസ്, മനുപ്രസാദ്, ഇ.കെ. സനൽ, സിന്ധു സാബു, അനുമോൾ ദിബീഷ്, ഐക്കരശേരി ഗോപാലഷ്ണൻ, എസ്. ഇന്ദിര, സണ്ണി, കെ. പ്രതീഷ്, എം. ജോബിഷ്, ആശ ഷാജി എന്നിവർ പ്രസംഗിച്ചു.