ജില്ലയിൽ വികസന സദസുകൾക്ക് തിങ്കളാഴ്ച തുടക്കം
1592898
Friday, September 19, 2025 6:03 AM IST
കൽപ്പറ്റ: തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പിൽ കോർപ്പറേഷനുകളിൽ സംഘടിപ്പിക്കുന്ന വികസന സദസിന് ജില്ലയിൽ തിങ്കളാഴ്ച തുടക്കമാകും.
സംസ്ഥാന സർക്കാരിന്റെ ഇന്നോളമുള്ള വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് ജനങ്ങളുടെ അഭിപ്രായം ലഭ്യമാക്കുകയും ഭാവി വികസനത്തിനുള്ള ആശയങ്ങളും നിർദേശങ്ങളും ആരായുന്നതിനുമാണ് വികസന സദസുകൾ സംഘടിപ്പിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന നേട്ടങ്ങളും ഭാവി പദ്ധതികളും സദസുകളിൽ ചർച്ചയാവും.22ന് മുട്ടിൽ, നൂൽപ്പുഴ, പൊഴുതന, വൈത്തിരി ഗ്രാമപ്പഞ്ചായത്തുകളിലാണ് വികസന സദസ് നടക്കുന്നത്. ഒക്ടോബർ 20നകം ജില്ലയിലെ 23 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളും നടക്കും.
ഓരോ തദ്ദേശ സ്ഥാപനത്തിലും എല്ലാ വാർഡുകളിൽ നിന്നുള്ളവരുടെയും സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവരുടെയും പങ്കാളിത്തം വികസന സദസിൽ ഉറപ്പാക്കും. എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്ന മറ്റ് വിശിഷ്ട വ്യക്തികൾ, സമൂഹത്തിന്റെ വിവിധ തുറകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വ്യക്തികൾ തുടങ്ങിയവരും വികസന സദസുകളിലെത്തും.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും വികസന നേട്ടങ്ങൾ വിവരിക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും. അതിദാരിദ്യ്ര നിർമാർജനം, ലൈഫ് മിഷൻ എന്നിങ്ങനെയുള്ള വിവിധ സർക്കാർ പദ്ധതികൾക്കായി ഭൂമി വിട്ടുനൽകിയവർ, ഹരിത കർമസേന അംഗങ്ങൾ എന്നിങ്ങനെ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളായവരെ ചടങ്ങുകളിൽ ആദരിക്കും.
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിക്കുന്ന വീഡിയോയും പ്രസന്റേഷനും വികസന സദസുകളിൽ പ്രദർശിപ്പിക്കും. തുടർന്ന് ഓരോ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ കൈവരിച്ച നേട്ടങ്ങളും ആവിഷ്കരിച്ച പദ്ധതികളും വിശദീകരിക്കും. തുടർന്നായിരിക്കും പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സമാഹരിക്കുന്നതിനുള്ള ഓപ്പണ് ഫോറം നടക്കുക.
ഈ നിർദേശങ്ങൾ ക്രോഡീകരിച്ച് സംസ്ഥാന സർക്കാരിന് മുന്നിൽ സമർപ്പിക്കും. കെ സ്മാർട്ട് സേവനങ്ങൾ നൽകുന്ന കെ സ്മാർട്ട് ക്ലിനിക്ക്, വിജ്ഞാന കേരളം തൊഴിൽ മേള എന്നിവയും വികസന സദസുകളിൽ നടക്കും. ജില്ലയിൽ തെരഞ്ഞെടുത്ത റിസോഴ്സ് പേഴ്സണ്മാർക്ക് ഇന്നലെ പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. അടുത്ത ദിവസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കും പരിശീലനം നൽകും.