കേരള ഭൂപതിവു ചട്ടങ്ങൾ പുനപരിശോധിക്കണം: കെ.ജെ. ദേവസ്യ
1592897
Friday, September 19, 2025 6:03 AM IST
സുൽത്താൻ ബത്തേരി: മന്ത്രിസഭ അംഗീകരിച്ചതും സബ്ജറ്റ് കമ്മിറ്റി മുന്പാകെയുള്ളതുമായ കേരള ഭൂപതിവു ചട്ടങ്ങൾ പുനപരിശോധിക്കണമെന്ന് കേരളാ കോണ്ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ കേരള സർക്കാരിനോടാവശ്യപ്പെട്ടു.
പട്ടയം കിട്ടുന്നതിന് കൈവശക്കാർ അതാത് കാലത്ത് റവന്യു അധികാരികളുടെ പക്കൽ ഭൂവില, വൃക്ഷവില, സർവേചാർജ് എന്നിവയെല്ലാം നൽകി നികുതിയടച്ചു കൈവശംവച്ചുവരുന്നതാണ്.
കെട്ടിടം നിർമിച്ചപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിശ്ചിത ഫീസടച്ചും കെട്ടിട നികുതിയടച്ചും കൈവശംവച്ചും നിരാക്ഷേപമായി അടക്കി അനുഭവിച്ചുവരുന്നതാണ്. വീടും കൃഷിയും മാത്രമെ ചെയ്യാൻ പാടുള്ളു എന്നെവിടെയും പറഞ്ഞിട്ടില്ല.
കഴിഞ്ഞ 61 വർഷമായി പട്ടയക്കാരായ കൈവശക്കാർ കൃഷിക്കൊപ്പം ജീവിതാവശ്യങ്ങൾക്കും ജീവിതോപാധികൾക്കും വേണ്ടി കച്ചവടസ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ ഇതര ആവശ്യങ്ങൾക്കും മറ്റുമായി കെട്ടിടങ്ങളുണ്ടാക്കി അനുഭവിച്ചു വരുന്നതുമാണ്.
ഇവിടെ ക്രമവത്കരണമെന്നത് തെറ്റായ പദമാണ്. പട്ടയക്കാരൻ അവന് അവകാശപ്പെട്ട വകകളിലാണ് പ്രവർത്തിച്ചത്. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷവേണം. 61 കൊല്ലങ്ങളായി കണ്ടുപിടിക്കാത്ത തെറ്റ് ഒരു മനുഷ്യായുസിന്റെ അവസാന നാളുകളിൽ അടിച്ചേൽപ്പിക്കുന്നത് പൗരന്റെ അവകാശത്തെ ഹനിക്കലും ഒരുതരത്തിലും ന്യായീകരിക്കാവുന്നതുമല്ല.
ഇടത്പക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നേട്ടങ്ങളെ തകർക്കുന്ന വിധത്തിലാണ് ഈ ചട്ടങ്ങളിലുള്ളത്. കരിനിയമങ്ങൾ ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടത്തിന് ഇടവരുത്തും. ഈ ക്രമവത്കരണ ശിക്ഷ റദ്ദ് ചെയ്ത് കേരളത്തിലെ ജനങ്ങളെ ചേർത്തുനിർത്താനുള്ള നടപടികളാണാവശ്യം. ഈ ആവശ്യം ഉന്നയിച്ചു മുഖ്യമന്ത്രി, റവന്യുമന്ത്രി, ധനമന്ത്രി എന്നവർക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും കെ.ജെ. ദേവസ്യ അറിയിച്ചു.