വയനാട്ടിൽ സജീവ ചർച്ചയായി കെ.കെ. ഏബ്രഹാമിന്റെ രാഷ്ട്രീയ ഭാവി
1299344
Friday, June 2, 2023 12:13 AM IST
കൽപ്പറ്റ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ ക്രമക്കേടുകൾ, കർഷകൻ രാജേന്ദ്രൻ നായരുടെ ആത്മഹത്യ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം റിമാൻഡിലായത് ജില്ലയിൽ രാഷ്ട്രീയ രംഗത്ത് സജീവ ചർച്ചയായി.
ഏബ്രഹാമിന്റെ രാഷ്ട്രീയ ഭാവി എന്താകുമെന്ന ചോദ്യമാണ് കോണ്‍ഗ്രസിനു അകത്തും പുറത്തും ഉയരുന്നത്. റിമാൻഡിലായ സാഹചര്യത്തിൽ ഏബ്രഹാമിനെതിരേ പാർട്ടി നടപടി ഉണ്ടാകുമെന്ന അഭിപ്രായമാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളിൽ ഒരു വിഭാഗത്തിന്. എന്നാൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പടെ നേതാക്കളുമായി ഉറ്റബന്ധം പുലർത്തുന്ന ഏബ്രഹാമിനെ പാർട്ടി സംരക്ഷിക്കുമെന്നാണ് മറുപക്ഷം.
ധാർമികതയുടെ പേരിൽ ഏബ്രഹാം പാർട്ടി ഭാരവാഹിത്വം സ്വയം ഒഴിയുകയാണ് അഭികാമ്യമെന്നാണ് ജില്ലയിലെ ഇടതു നേതാക്കളിൽ ചിലരുടെ അഭിപ്രായം.
ഗുരുതരമായ കുറ്റങ്ങൾക്കു റിമാൻഡിലായ ഏബ്രഹാമിനെ പുറത്താക്കുന്നതിനുള്ള തന്റേടം കെപിസിസി നേതൃത്വം കാട്ടണമെന്ന് ആവശ്യപ്പെടുന്നവരും ഇടതുനിരയിലുണ്ട്. രാജേന്ദ്രൻ നായരുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിലെ സംഭവ വികാസങ്ങൾ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ കെപിസിസി അധ്യക്ഷനെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്. കത്തിന്റെ ഉള്ളടക്കം അപ്പച്ചൻ വെളിപ്പെടുത്തിയില്ല.
കോണ്‍ഗ്രസിൽ ഒരേ ചേരിയിലാണ് ഏബ്രഹാമും അപ്പച്ചനും.പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ വായ്പ വിതരണത്തിൽ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണം കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന കമ്മീഷൻ അന്വേഷിച്ചിരുന്നു. വായ്പ വിതരണത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതി ഉന്നയിച്ചവരുടെ മൊഴി രേഖപ്പെടുത്തി കമ്മീഷൻ പാർട്ടി നേതൃത്വത്തിനു സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല. ഏബ്രഹാമിനെതിരായ കേസുകൾക്കും അറസ്റ്റിനും കാരണമായത് പാർട്ടിയിയിൽപ്പെട്ട ചിലരുടെ നീക്കങ്ങളാണെന്നു അടക്കം പറയുന്നവർ ജില്ലാ കോണ്‍ഗ്രസിലുണ്ട്. ഏബ്രഹാമും അദ്ദേഹത്തിന്റെ നാട്ടുകാരനായ മറ്റൊരു നേതാവും തമ്മിലുള്ള രാഷ്ട്രീയ വിരോധം കുപ്രസിദ്ധമാണ്.
പണയവസ്തുവിന്റെ യഥാർഥ മൂല്യത്തിന്റെ പതിൻമടങ്ങ് തുക വായ്പ ലഭ്യമാക്കിയും വായ്പയിൽ ഒരു ഭാഗം സ്വന്തം ആവശ്യങ്ങൾക്കു വിനിയോഗിച്ചും ബാങ്ക് മുൻ ഭരണസമിതി അംഗങ്ങളും ജീവനക്കാരിൽ ചിലരും കോടിക്കണക്കിനു രൂപയുടെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിനു വർഷങ്ങളുടെ പഴക്കുമുണ്ട്. 2017-18ലെ ഓഡിറ്റിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതുമൂലം ബാങ്കിനു 8.33 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്. ഈ തുക തിരിച്ചുപിടിക്കുന്നതിനു ഏബ്രഹാം ഉൾപ്പെടയുള്ളവർക്കെതിരേ സഹകരണ ജോയിന്റ് രജിസ്ട്രാർ സർചാർജ് ഉത്തരവായിരുന്നു. ഇതു നിലനിൽക്കേയാണ് ഏബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി പദവിയിലെത്തിയത്. കർഷകൻ രാജേന്ദ്രൻ നായരുടെ ആത്മഹത്യയെത്തുടർന്നാണ് ബാങ്ക് വിഷയം വീണ്ടും ചൂടുപിടിച്ചത്.