സർക്കാർ സബ്സിഡി മുടങ്ങി; കാട്ടിക്കുളം ‘അടിഗമനൈ’ പൂട്ടി
1297603
Saturday, May 27, 2023 12:18 AM IST
മാനന്തവാടി: പ്രാക്തന ഗോത്ര വിഭാഗത്തിൽനിന്നുള്ള അഞ്ച് യുവതികൾ കാട്ടിക്കുളത്ത് ‘അടിഗമനൈ’ എന്ന പേരിൽ നടത്തിവന്ന ജനകീയ ഹോട്ടൽ താത്കാലികമായി പൂട്ടി. സർക്കാർ സബ്സിഡി മാസങ്ങളായി മുടങ്ങിയ സാഹചര്യത്തിലാണ് ഹോട്ടൽ അടച്ചത്.
ഇത് ഉച്ചഭക്ഷണത്തിനു ജനകീയ ഹോട്ടലിനെ ആശ്രയിച്ചിരുന്നവർക്കും പ്രഹരമായി. ഊണ് 20 രൂപയ്ക്കാണ് ജനകീയ ഹോട്ടലിൽ വിൽക്കുന്നത്. ഊണ് ഒന്നിന് 10 രൂപയാണ് സർക്കാർ സബ്സിഡി. തിരുനെല്ലി പഞ്ചായത്ത് ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പട്ടികവർഗ യുവതികൾ ആരംഭിച്ച ഹോട്ടലും കാറ്ററിംഗ് യൂണിറ്റുമാണ് കോവിഡ് കാലത്ത് സാമൂഹിക അടുക്കളയും പിന്നീട് ജനകീയ ഹോട്ടലുമായി മാറിയത്. ഒന്പത് മാസമായി സർക്കാർ സബ്സിഡി ലഭിക്കാത്ത സാഹചര്യത്തിലാണ് ’അടിഗമനൈ’ അടച്ചതെന്നു നടത്തിപ്പുകാരായ വനിതകൾ പറഞ്ഞു.