ഷീനയ്ക്ക് ഉയരത്തിൽ പറക്കണം; പ്രതീക്ഷ കായിക പ്രേമികളിൽ
1297161
Thursday, May 25, 2023 12:15 AM IST
കൽപ്പറ്റ: കായിക പ്രേമികൾ സാന്പത്തികമായി പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിൽ വയനാട് വെള്ളമുണ്ട ഒഴുക്കൻമൂല വട്ടക്കൊല്ലി ഷീന ദിനേശൻ ദുബായ് വെറ്ററൻസ് സ്പോർട്സ് ആൻഡ് ഗെയിംസ് ചാന്പ്യൻഷിപ്പിനൊരുങ്ങുന്നു. ഒക്ടോബർ 27, 28, 29 തീയതികളിലാണ് ചാന്പ്യൻഷിപ്പ്. കേന്ദ്ര, സംസ്ഥാന കായിക മന്ത്രാലയങ്ങളുടെയും സ്പോർട്സ് കൗണ്സിലിന്റെയും സാന്പത്തിക സാഹയത്തിന്റെ അഭാവത്തിൽ ദുബായ് ചാന്പ്യൻഷിപ്പ് കൈവിട്ടുപോകുമോ എന്ന ശങ്ക അൻപത് കാരിയായ ഷീനയെ അലട്ടുന്നുണ്ട്.
മേയ് 12 മുതൽ 20 വരെ സൗത്ത് കൊറിയയിൽ നടന്ന എഷ്യൻ പസഫിക് മാസ്റ്റേഴ്സ് ഗെയിംസിൽ രാജ്യത്തിനുവേണ്ടി രണ്ട് വെള്ളി മെഡലുകളാണ് ഷീന നേടിയത്. 80 മീറ്റർ ഹർഡിൽസിലും ഹാമർത്രോയിലും(നാല് കിലോഗ്രാം) ആണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. 14.80 മീറ്റർ എറിഞ്ഞായിരുന്നു ഹാമർ ത്രോ നേട്ടം.
ബംഗളൂരു പ്രൊജക്ട് വിഷൻ, ഒഴുക്കൻമൂല സർഗ ഗ്രന്ഥാലയം, വെള്ളമുണ്ട പബ്ലിക് ലൈബറി, തരുവണ വനിതാ സഹകരണ ബാങ്ക്, വെള്ളമുണ്ട പഞ്ചായത്ത്, വ്യാപാരി വ്യവസായി സമിതി, ചെറുകര റിനൈസൻസ് ലൈബ്രറി, കേരള ഗ്രാമീണ ബാങ്ക് വെള്ളമുണ്ട ശാഖ, കെഎസ്എഫ്ഇ പടിഞ്ഞാറത്തറ ശാഖ, വെള്ളമുണ്ട കെഎസ്ഇബി ഓഫീസ്, വയനാട് പ്രവാസി വെൽഫെയർ ഗ്രൂപ്പ് എന്നിവയുടെയും ഒ.ആർ. കേളു എംഎൽഎ, സഹപാഠികൾ, കുടുംബാംഗങ്ങൾ എന്നിവരുടെയും സഹകരണമാണ് സൗത്ത് കൊറിയയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ ഷീനയ്ക്കു സഹായകമായത്. ഇതുപോലെ ദുബായ് യാത്രയും സാധ്യമാകുമെന്ന വിശ്വാസത്തിലാണ് അവർ. 2024ൽ അമേരിക്കയിൽ നടക്കുന്ന വേൾഡ് മീറ്റിലേക്കും ഷീനയെ തെരഞ്ഞെടുത്തിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ മാതമംഗലം സ്വദേശിനിയാണ് ഷീന.
ഹൈസ്കൂൾ പഠനകാലത്തു സ്പോർട്സിൽ സജീവമായിരുന്ന അവർ 18 വർഷം മുന്പാണ് വട്ടക്കൊല്ലി ദിനേശന്റെ ജീവിതസഖിയായി വെള്ളമുണ്ടയിലെത്തിയത്. ജീവിതയാത്ര തുടരുന്നതിനിടെ 2018ൽ മാനന്തവാടിയിൽ കായിക മത്സരത്തിനു മകനു കൂട്ടുപോയ ഷീന മുതിർന്നവർക്കായി നടന്ന ഹാമർ ത്രോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.
ഇത് അവരുടെ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവായി. കുടുംബത്തിന്റെ പിന്തുണയോടെ കായിക പരിശീലനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയ ഷീന പിന്നീട് സംസ്ഥാന, ദേശീയ, അന്തർദേശീയ വെറ്ററൻസ് മീറ്റുകളിൽ നേടിയത് നിരവധി മെഡലുകൾ.
2022 മെയിൽ തിരുവനന്തപുരത്ത് നടന്ന ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റിൽ ഷീന ഹാമർ ത്രോയിൽ സ്വർണവും ഡിസ്കസ് ത്രോയിൽ വെങ്കലവും നേടി. അതേവർഷം നവംബറിൽ നാസിക്കിൽ നടന്ന ദേശീയ വെറ്ററൻസ് ചാന്പ്യൻഷിപ്പിലും മികച്ച് പ്രകടനം കാഴ്ചവച്ചു. ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനം നേടിയ ഷീന ഹാമർ ത്രോ, ഷോട്ട്പുട്ട്, 200 മീറ്റർ ഓട്ടം, 400 മീറ്റർ റിലേ എന്നിവയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അവർ ഉൾപ്പെടുന്ന ടീം 100 മീറ്റർ, 400 മീറ്റർ റിലേകളിൽ വെങ്കലവും നേടി.
കഴിഞ്ഞ ഫെബ്രുവരിയിൽ വരാണസിയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റിലും വ്യക്തിമുദ്ര പതിച്ചാണ് ഷീന മടങ്ങിയത്. മീറ്റിൽ ഹാമർ ത്രോയിലും 3,000 മീറ്റർ നടത്തത്തിലും സ്വർണം നേടിയ അവർ ഹർഡിൽസ്, ഡിസ്കസ് ത്രോ എന്നിവയിൽ വെള്ളിയും 100, 400 മീറ്റർ റിലേകളിൽ വെങ്കലും കരസ്ഥമാക്കി.
നാസിക്കിൽ നടന്ന മത്സരമാണ് സൗത്ത് കൊറിയൽ ഏഷ്യ പസഫിക് മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുന്നതിനു വഴി തുറന്നത്. മാസ്റ്റേഴ്സ്-വെറ്ററൻസ് മീറ്റുകളിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്കുനേരേ സർക്കാരുകളും സ്പോർട്സ് കൗണ്സിലും കണ്ണുതുറക്കണമെന്നാണ് ഷീനയുടെ അഭ്യർത്ഥന.