കബനിയിൽ ആൽഗ; കുടിവെള്ള വിതരണം താത്കാലികമായി നിർത്തി
1280330
Thursday, March 23, 2023 11:37 PM IST
പുൽപ്പള്ളി: കബനി നദിയിൽ വിഷപ്പായൽ ആൽഗയുടെ സാന്നിധ്യം. നദിയിൽ പന്പ്ഹൗസിനു സമീപം പായൽ രൂപപ്പെട്ടത് കഴിഞ്ഞ ദിവസമാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
വിദഗ്ധ പരിശോധനയിലാണ് ആൽഗയാണെന്നു സ്ഥിരീകരിച്ചത്. ഇതേത്തുർന്നു കബനി കുടിവെള്ള പദ്ധതിയിൽനിന്നു പന്പിംഗ് താത്കാലികമായി നിർത്തി.
ഇത് മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിൽ ഗാർഹിക ആവശ്യത്തിനു കബനി വെള്ളത്തെ ആശ്രയിക്കുന്നവരെ പ്രതിസന്ധിയിലാക്കി. വെളളം ശുചീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പന്പിംഗ് നിർത്തിയത്. മൈക്രോസ്കോപിക് ബാക്ടീരിയയാണ് ആൽഗ. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ആൽഗ പെട്ടെന്ന് വളരുന്നത്. വെള്ളത്തിൽ പ്രകാശസംശ്ലേഷണം നടത്താനും എളുപ്പത്തിൽ വ്യാപിക്കാനും ഇതിനു ശേഷിയുണ്ട്. വളങ്ങളിലൂടെയും ഇലകൾ അടിഞ്ഞും മണ്ണൊലിപ്പിലൂടെയും നദിയിൽ നൈട്രജനും ഫോസ്ഫറസും എത്തുന്നതും വേനലിൽ നദീജലത്തിന്റെ ചൂട് കൂടുന്നതുമാണ് ആൽഗ വളരുന്നതിനു സാഹചര്യമൊരുക്കുന്നത്. മഴ പെയ്ത് നദിയിൽ ചൂടുകുറഞ്ഞ് ഒഴുക്കു വർധിച്ചാൽ ആൽഗ കുറയും.
ആൽഗ സാന്നിധ്യമുള്ള ജലം ഉപയോഗിച്ചാൽ ത്വക് രോഗങ്ങളും വയറിളക്കം അടക്കം മറ്റ് അസുഖങ്ങളും ഉണ്ടാകുമെന്നു വിദഗ്ധർ പറയുന്നു. മൂന്നു മണിക്കൂറോളം ക്ലോറിൻ ഉപയോഗിച്ച് ശുദ്ധീകരണം നടത്തിയശേഷം ജല വിതരണം നടത്താൻ അധികൃതർ നീക്കം നടത്തിവരികയാണ്.