പുൽപ്പള്ളി മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ 30 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
1225720
Thursday, September 29, 2022 12:10 AM IST
പുൽപ്പള്ളി: മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ 30 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ മാസം 27ന് ജില്ലാ ലേബർ ഓഫീസിൽ ബസ് ഉടമകളും വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ നിശ്ചയിച്ച കരാർ പ്രകാരം ഒക്ടോബർ മുതൽ ജില്ലയിൽ നടപ്പാക്കിയ സേവന വേതന കരാർ പുൽപ്പള്ളി മേഖലയിൽ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് സംയുക്ത തൊഴിലാളി യൂണിയൻ കോഓഡിനേഷൻ കമ്മിറ്റി സമരത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
കരാർ പ്രകാരം അടിസ്ഥാന ശന്പളത്തിൽ 40 രൂപയുടെ വർധനയും കളക്ഷൻ ബത്ത ഇനത്തിൽ ഒരു രൂപയും ഉൽസവകാല ബോണസിൽ മുൻകാലത്തിനെക്കാൾ 500 രൂപയുടെ വർധനയുമാണ് നടപ്പാക്കേണ്ടത്. ജില്ലയിൽ അവസാനമായി സേവന വേധന വ്യവസ്ഥകൾ പരിഷ്കരിച്ചത് 2017 ലാണ്. പലപ്പോഴായി ബസ് ചാർജ് വർധിപ്പിക്കുകയും സർവീസുകൾ ലാഭത്തിൽ ആവുകയും ചെയ്തിട്ടും പുൽപ്പള്ളി മേഖലയിലെ ശന്പളവും മറ്റു ആനുകുല്യങ്ങളും വർധിപ്പിക്കുവാൻ മേഖലയിലെ ബസ് ഉടമകൾ തയാറാകാത്ത സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചത്. സതീഷ് കുമാർ, എസ്.കെ. മഹേഷ്, എൻ.ഡി. സന്തോഷ്, എം.ജെ. സജി, കെ.എ. തോമസ്, പി.വി. മോഹനൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.