ജലജീവന്‍ മിഷന് പദ്ധതിയില്‍ കുരുങ്ങി കരാറുകാര്‍ : നടപടിയില്ലെങ്കില്‍ സമരത്തിലേക്ക്...
1573117
Saturday, July 5, 2025 5:11 AM IST
കോഴിക്കോട്: ജലജീവന്‍ മിഷന് പദ്ധതിയില്‍ കുരുങ്ങി പ്രതിസന്ധിയിലായി കരാറുകാര്‍. പദ്ധതി പ്രകാരം പണികള്‍ ചെയ്ത കരാറുകാര്‍ക്കു നല്‍കാനുള്ള പണത്തില്‍ 5,000 കോടി വരെ കുടിശ്ശികയായതോടെ കടകെണിയിലാണ് ഗവ. കരാറുകാര്‍.
15 മാസത്തെ ബില്ലുകളില്‍ 5000 കോടി രൂപയാണ് ഇപ്പോള്‍ കുടിശികയായിട്ടുള്ളത്. ചെയ്ത പ്രവൃത്തിയുടെ മറ്റു ബില്ലുകള്‍ കൂടി നല്കിയാല് കുടിശ്ശിക 6,000 കോടിയിലേക്ക് ഉയരും. ഈ സാഹചര്യത്തില്‍ പല കരാറുകാരും പണികള്‍ തുടരാനാവാത്ത അവസ്ഥയിലാണ്.
ഇതുവരെ ചെയ്ത പ്രവൃത്തികള്‍ പൂര്‍ത്തികരിക്കാന്‍ ഫണ്ടില്ലാത്തതിനാലും പലരും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പ്രവര്‍ത്തി പൂര്‍ത്തിയാക്കുന്നതിനായി ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത കരാറുകാര്‍ക്ക് വായ്പ തിരിച്ചടയ്ക്കാനും കഴിയാതെ നെട്ടോട്ടത്തിലാണ്.
ബാങ്കില്‍ പണം അടക്കാന്‍ വീഴ്ച വരുത്തിയാല്‍ അക്കൗണ്ട് എന്‍പിഎ ആകുന്ന അവസ്ഥയാണുള്ളതെന്ന് ഓള് ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ പറയുന്നു. പിന്നീട് ഭാവിയില്‍ ബാങ്കില്‍ നിന്ന് വായ്പ ലഭിക്കാതെ വരും.
നിലവില്‍ ഏറ്റെടുത്ത പ്രവൃത്തി പൂര്‍ത്തികരിക്കാന്‍ കഴിയാത്തതോടെ കരാറുകാര്‍ക്കെതിരെ നിയമ നടപടിക്ക് നോട്ടീസ് വന്നു കൊണ്ടിരിക്കുകയാണ്. പദ്ധതിക്കായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും മറ്റും കുഴി എടുത്ത റോഡുകള്‍ വരെ പൂര്‍വസ്ഥിതിയാക്കാന്‍ കഴിഞ്ഞിട്ടില്ല. മഴയായതിനാല്‍ കുഴികളുടെ പേരില്‍ അധികൃതരുടെയും ജനങ്ങളുടെയും പഴി തങ്ങളാണ് നേരിടുന്നതെന്നും കരാറുകാര്‍ പറയുന്നു.
കുടിശികയുടെ പേരില്‍ ബാങ്കില്‍ നിന്നും കരാറുകാരാണ് നിയമ നടപടി നേരിടേണ്ടി വരുന്നത്. കുടിശ്ശിക കൂടും തോറും ബാങ്കില്‍ നിന്നും കരാറുകാര്‍ക്ക് ഒരു വായ്പയും കിട്ടാത്ത അവസ്ഥയാണ് ഉണ്ടാകുന്നതെന്ന് ഓള് ഗവ. കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന് ചെയര്മാന് വി. അനില്‍കുമാര്‍ പറയുന്നു.നടപടിയില്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്നും അറിയിച്ചു.
എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബൃഹദ് പദ്ധതിയാണ് ജലജീവന്‍ മിഷന്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2019ലെ സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ച പദ്ധതി കേരളത്തില്‍ 2020 ഒക്ടോബറിലാണ് ആരംഭിച്ചത്. ജലശുദ്ധീകരണശാലകള്‍, ടാങ്കുകള്‍, മെയിന്‍ പൈപ്ലൈനുകള്, പമ്പുകള്‍ എന്നിവയുടെ ജോലികള്‍ പല ജില്ലകളിലും ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. മറ്റു പല സംസ്ഥാനങ്ങളിലും ഇതിനകം പദ്ധതി പൂര്‍ത്തീകരിച്ചുകഴിഞ്ഞു.
സംസ്ഥാനത്തു ജലജീവന്‍ മിഷന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ട കാലാവധി അവസാനിച്ചെങ്കിലും പിന്നീട് നീട്ടി നല്‍കിയിട്ടുണ്ട്. വേണ്ടത്ര ആസൂത്രണമോ ആലോചനയോ ഇല്ലാതെ നടപ്പാക്കിയതിനാല്‍ ജലജീവന്‍ മിഷന് സംസ്ഥാനത്തു ഭൂരിഭാഗം ജില്ലകളിലും വന്‍പരാജയമാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.