സ്വന്തമായ തിരിച്ചറിവുകളിലൂടെ വ്യക്തിത്വം വളർത്തണമെന്ന്
1573377
Sunday, July 6, 2025 5:26 AM IST
കോഴിക്കോട്: ജീവിതത്തിൽ വിജയിക്കണമെങ്കിൽ സ്വന്തമായ തിരിച്ചറിവുകളിലൂടെ വ്യക്തിത്വം വളർത്തണമെന്ന് കോഴിക്കോട് ഐഐഎം ഡയറക്ടർ ദേബാശിസ് ചാറ്റർജി.
ദേവഗിരി സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളജിൽ സംഘടിപ്പിച്ച ബിരുദദാന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വിവരത്തിൽ നിന്ന് അറിവിലേയ്ക്കും തുടർന്ന് ജ്ഞാനത്തിലേയ്ക്കും പുരോഗമിക്കണമെന്നും എന്ത് ചെയ്താലും അത് മനസോടെ ചെയ്തില്ലെങ്കിൽ അർത്ഥവത്താവുകയില്ലെന്നും ദേബാശിസ് ചാറ്റർജി പറഞ്ഞു.
ചടങ്ങിൽ മുപ്പത് വർഷത്തെ മാനേജ്മെന്റ് അക്കാഡമിക് അനുഭവങ്ങളും പരിശീലന പരിചയവും ആസ്പദമാക്കി രചിച്ച വൺ മിനിട്ട് വിസ്ഡം എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി.സിഎംഐ കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ.ഡോ.ബിജു ജോൺ വെള്ളക്കട സിഎംഐ ചടങ്ങിൽ അധ്യക്ഷനായിരുന്നു.
കോളജ് മാനേജർ ഫാ.ബിജു.കെ.ഐസക്, പ്രിൻസിപ്പൽ ഫാ.ഡോ.ബിജു ജോസഫ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ.ഡോ.സുനിൽ ജോസ്, ഫാ.ആന്റൊ എൻ.ജെ, ഡോ. സതീഷ് ജോർജ്, ഡോ. വിനീഷ് പി.ജെ, പരീക്ഷാ കൺട്രോളർ ഡോ. ജോർജ് മാത്യു, സ്റ്റുഡന്റ് പ്രതിനിധി കാർമൽ മേരി എന്നിവർ പ്രസംഗിച്ചു.
ഈ വർഷം കോളേജിൽ നിന്ന് പിഎച്ച്ഡി പൂർത്തിയാക്കിയ ഇരുപത് റിസേർച്ച് വിദ്യാർത്ഥികളും, പി.ജി പാസായ 100 പേരും ഉൾപ്പെടെ മൊത്തം 450 പേരാണ് ബിരുദം ഏറ്റുവാങ്ങിയത്.