രാമനാട്ടുകര നഗരസഭയ്ക്ക് പുതിയ ഓഫീസ്: ഈ മാസം നിര്‍മാണം പൂര്‍ത്തിയാകും
1573125
Saturday, July 5, 2025 5:11 AM IST
രാമനാട്ടുകര : എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ രാമനാട്ടുകര നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. കെട്ടിടത്തിന്റെ 90 ശതമാനം പണികളും പൂർത്തിയായി. ബാക്കിപണികൾ പൂർത്തിയാക്കി ജൂലായ് അവസാനത്തോടെ കെട്ടിടം കൈമാറുന്നതിനുള്ള ശ്രമത്തിലാണ് കരാർക്കമ്പനി.
അങ്ങാടിയിൽ ചെത്തുപാലം തോടിനുസമീപമുള്ള 1.02 ഏക്കർ സ്ഥലത്താണ് 4,151 ചതുരശ്രമീറ്റർ വിസ്തീർണത്തിലുള്ള നാലുനില കെട്ടിടം നിർമിച്ചത്. 2017-ൽ കെട്ടിടത്തിനുവേണ്ടി സ്ഥലം വാങ്ങിയെങ്കിലും അഞ്ചുവർഷത്തിനുശേഷം 2022 സെപ്റ്റംബറിലാണ് പുതിയകെട്ടിടത്തിന്റെ പണി തുടങ്ങിയത്.കെട്ടിടത്തിന്റെ വയറിംഗ് ജോലി, ലൈറ്റിങ്, ലിഫ്റ്റ് നിർമാണം എന്നിവ പൂർത്തിയായി.
താഴെയുള്ളനിലയിൽ ഫ്രണ്ട് ഓഫീസ്, ഓഫീസ് ആവശ്യത്തിനു വരുന്നവർക്ക് വിശ്രമിക്കാനുള്ള സ്ഥലം എന്നിവയാണ്. വിശ്രമിക്കാനുള്ള സ്ഥലം എയർകണ്ടിഷൻ ചെയ്തതാണ്. ഒന്നാമത്തെ നിലയിലാണ് നഗരസഭാ ചെയർമാൻ, വൈസ് ചെയർമാൻ, നഗരസഭാസെക്രട്ടറി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ എന്നിവർക്കുള്ള സീറ്റിങ് ഒരുക്കിയിട്ടുള്ളത്.