ജില്ലാതല പ്രവേശനോത്സവം ഇന്ന് പെരിങ്ങൊളം ജിഎച്ച്എസ്എസിൽ
1564289
Monday, June 2, 2025 5:26 AM IST
കോഴിക്കോട്: പുതിയ അധ്യയന വര്‍ഷത്തെ ജില്ലാതല പ്രവേശനോത്സവം ഇന്ന് രാവിലെ ഒമ്പതിന് പെരിങ്ങൊളം ജിഎച്ച്എസ്എസില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പി.ടി.എ. റഹീം എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നവാഗതരെ വരവേൽക്കും. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പ്രതിഭകളെ ആദരിക്കും.
അധ്യയന വര്ഷാരംഭത്തിന്റ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂളുകളിലും ഇന്ന് പ്രവേശനോത്സവം നടത്തും. പുതിയ അധ്യയന വര്‍ഷം ജില്ലയില്‍ 60,000ത്തോളം വിദ്യാര്‍ഥികളാണ് സ്കൂളുകളിൽ നവാഗതരായി എത്തിച്ചേരുക. ഇവരെ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഉദ്യോഗസ്ഥരും മാനേജ്മെന്റ് പ്രതിനിധികളും ചേർന്ന് മധുരവും മറ്റും നൽകി വരവേൽക്കും. ഇതിനായി സ്കൂളുകളും പരിസരങ്ങളും അണിഞ്ഞൊരുങ്ങി.
ജില്ലയിലെ വിദ്യാലയങ്ങളിൽ പാഠപുസ്തകങ്ങളുടെ വിതരണം ഇതിനകം 98.7 ശതമാനം പൂർത്തിയായി. 90 ശതമാനം സ്കൂൾ കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും ഫിറ്റ്നസ് പരിശോധിച്ചു ഉറപ്പുവരുത്തി.
ജില്ലയിലെ മുഴുവൻ സ്കൂളുകളിലും പുതിയ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി ശുചീകരണ പ്രവൃത്തികൾ പൂർത്തിയാക്കി. എല്ലാ സ്കൂളുകളിലെയും ജല പരിശോധനയും സുരക്ഷ ഓഡിറ്റും പൂർത്തിയാക്കിയതായും ഡിഡിഇ അറിയിച്ചു.