വനിതാ ലോകചാമ്പ്യന്മാര്ക്ക് ആദരമായി പുസ്തക പ്രദര്‍ശനം
1511967
Friday, February 7, 2025 4:59 AM IST
കോഴിക്കോട്: തുടര്‍ച്ചയായി രണ്ടാം പ്രാവശ്യവും 19 വയസില്‍ താഴെയുള്ള വനിതകളുടെ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആദരമായി പ്രോവിഡന്‍സ് വിമന്‍സ് കോളജില്‍ ക്രിക്കറ്റ് ഗ്രന്ഥങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ അഷ്മിത എസി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട അറുപതോളം പുസ്തകങ്ങളാണ് പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ചരിത്രവിഭാഗം മുന്‍ മേധാവി പ്രഫ. എം.സി. വസിഷ്ഠാണ് പ്രദര്‍ശനം ഒരുക്കിയത്.
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങള്‍, പ്രശസ്ത ക്രിക്കറ്റ് കളിക്കാരുടെ ആത്മകഥകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങള്‍, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ നിര്‍ണായകമായ വഴിത്തിരിവുകളെക്കുറിച്ചെഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടിരുന്നു.