പെരുവണ്ണാമൂഴിയിൽ ജലസേചന കനാൽ നവീകരണം പുരോഗമിക്കുന്നു
1599869
Wednesday, October 15, 2025 4:58 AM IST
പെരുവണ്ണാമൂഴി: ഓരോ വർഷവും കുറ്റ്യാടി ജലസേചന പദ്ധതി പ്രധാന കനാലിൽ ജലം തുറന്നു വിടുമ്പോൾ കാലപ്പഴക്കം കാരണം ഇടിയുന്ന ഭാഗം ബലവത്തായി നവീകരിക്കുന്ന പ്രവൃത്തി പെരുവണ്ണാമൂഴിയിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കുറ്റ്യാടി ജലസേചന പദ്ധതി അണക്കെട്ടിൽ നിന്ന് 230 മീറ്റർ താഴെ ഭാഗത്താണ് കനാലിൽ പ്രവൃത്തി നടക്കുന്നത്.
ഇരുവശത്തുമായി 32 മീറ്റർ നീളത്തിലും 3.80 മീറ്റർ ഉയരത്തിലുമാണ് നവീകരിക്കുന്നത്. ഇതിന് ജിഎസ്ടി അടക്കം 12.5 ലക്ഷത്തോളം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഈ മാസം ഒടുവിൽ പണി പൂർത്തിയാകും. വരും വർഷങ്ങളിൽ ജലസേചനത്തിനായി കനാലിൽ ആശങ്ക കൂടാതെ ജലം തുറന്നുവിടാനാകും.
പെരുവണ്ണാമൂഴിയിൽ നിന്ന് മുതുകാട്, ചെമ്പനോട ഭാഗത്തേക്കുള്ള റോഡ് കനാലിനു മീതെയുള്ള പാലത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രവൃത്തി നടക്കുന്നത് പാലത്തിനോട് ചേർന്നാണ്. നവീകരണം കഴിയുമ്പോൾ പാലവും കൂടുതൽ സുരക്ഷിതമാകും.