ജീവനക്കാരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ ചവിട്ടിമെതിക്കുന്നു: കെ. പ്രവീണ്‍ കുമാര്‍
1454346
Thursday, September 19, 2024 4:36 AM IST
കോഴിക്കോട്: പിണറായി വിജയന് നയിക്കുന്ന ഇടത് സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ചവിട്ടിമെതിച്ച് മുന്നോട്ട് പോവുകയാണന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍. കേരള എന്‍ജിഒ അസോസിയേഷന് കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ശമ്പള പരിഷ്കരണത്തിലെ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കുകയോ പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുകയോ ചെയ്യാതെ അവരുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കുകയാണ്. ജീവാനന്ദം പദ്ധതിജീവനക്കാരുടെ ശമ്പളം തടഞ്ഞ് വെക്കുന്ന പദ്ധതിയാണ്. ആശ്രിത നിയമനം അട്ടിമറിക്കാനുള്ള ഗൂഢനീക്കം നടത്തുന്നു. മെഡിസെപ്പ് പദ്ധതി പൂര്‍ണമായും താളം തെറ്റി, 22 ശതമാനം ഡിഎ കുടിശിക നല്‍കാതെ ജീവനക്കാരെ ദുരിതത്തിലാക്കുകയാണണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ. പ്രദീപന് അധ്യക്ഷനായി. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍. സുബ്രഹ്മണ്യന്, എന്എസ്യു ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത്, കെഎസ്യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറും സംഘടനാ ചര്‍ച്ച ജനറല്‍ സെക്രട്ടറി എ.എം. ജാഫര്‍ ഖാനും ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനവും അനുമോദനവും മുന്‍ ഡിസിസി പ്രസിഡന്റ് കെ.സി. അബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജി.എസ്. ഉമാശങ്കര്‍, കെ.കെ. രാജേഷ് ഖന്ന, സംസ്ഥാന സെക്രട്ടറി എം.പി. ഷനിജ്, ബിനു കോറോത്ത്, എം. ഷിബു, സിജു കെ. നായര്‍, ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശേരി, വി.പി. രജീഷ്കുമാര് എന്നിവര്‍ പ്രസംഗിച്ചു.