കോണ്‍ഗ്രസ് ഭരിക്കുന്ന ചേവായൂര്‍ ബാങ്കില്‍ ഔദ്യോഗിക വിഭാഗവും വിമതരും ഏറ്റുമുട്ടലിലേക്ക്
1454345
Thursday, September 19, 2024 4:31 AM IST
കോഴിക്കോട്: കോണ്‍ഗ്രസ് ഭരിക്കുന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഔദ്യോഗിക വിഭാഗവും വിമത വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിനു കളമൊരുങ്ങുന്നു. ഡിസിസി നേതൃത്വത്തിന്റെ നിലപാടിനെതിരേ നിലക്കൊള്ളുന്ന ചേവായര് ബാങ്ക് സംരക്ഷണ സമിതി നിലവിലുള്ള ഭരണസമിതിയുടെ പിന്തുണയോടെ കനത്ത മല്‍സരം കാഴ്ചവയ്ക്കാനുള്ള ഒരുക്കത്തിലാണ്.
ഇടതുപക്ഷത്തിന്റെ പിന്തുണ സമിതിക്കു ലഭിക്കുമെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ വിമതവിഭാഗമയ സംരക്ഷണ സമിതിയിലെ ഏഴു ഡയറ്കടര്‍മാരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഡിസിസി നേതൃത്വത്തിന്റെ നടപടിക്കെതിരേ ശക്തമായ പോരാട്ടം കാഴ്ചവച്ച് തിരിച്ചടിക്കാനാണ് നീക്കം.
ജി.സി. പ്രശാന്ത്കുമാര്‍ ചെയര്‍മാനായ പതിനൊന്നംഗ ഭരണ സമിതിയാണ് നിലവിലുള്ളത്. ഇതില്‍ ഒമ്പതുപേര്‍ പ്രശാന്ത്കുമാര്‍ നേതൃത്വം നല്കിയ പാനലില്‍നിന്ന് ജയിച്ചുവന്നവരാണ്. പാര്‍ട്ടിയെയും ബാങ്ക്ഭരണ സമിതിയേയും ഒന്നിപ്പിച്ചുകൊണ്ടുപോകാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു കഴിയത്തതാണ് ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് നയിച്ചിട്ടുള്ളത്. കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വെള്ളിമാടുകുന്ന് വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി തോറ്റത് പാര്‍ട്ടിയെ രണ്ടു തട്ടിലാക്കിയിരുന്നു. ഒരു ജീവനക്കാരനെ ബാങ്കില്‍ നിന്ന് പിരിച്ചുവിട്ടത് പ്രശ്നം രൂക്ഷമാക്കി.
ഇയാളെ തിരിച്ചെടുക്കുന്നതിനു കെപിസിസി പ്രസിഡന്റ് ഇടപെട്ടിട്ടും ഭരണസമിതി തയാറായിരുന്നില്ല. ഇതു ഏറ്റുമുട്ടലിനു പുതിയ മാനം നല്കി. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും സംഘടനാതലത്തില്‍ പ്രശ്നത്തിനു പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നില്ല.
പിന്നീട് സിപിഎം നേതാക്കളുമായി വേദി പങ്കിട്ടുവെന്ന് കാണിച്ച് ബാങ്ക് പ്രസിഡന്റ് ജി.സി. പ്രശാന്ത്കുമാറിനെ കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. കെപിസിസി അംഗം കെ.വി. സുബ്രഹ്മണ്യനെയും സസ്പെന്‍ഡ് െചയ്തു. ഇതോടെ ഈ പ്രദേശത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ടുതട്ടിലായി.
ബാങ്കിനെതിേര കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ധര്‍ണ നടത്തിയത് അകല്‍ച്ച കൂടുതല്‍ വര്‍ധിപ്പിച്ചു. ധര്‍ണ നടത്തിയ കോണ്‍ഗ്രസിലെ പവര്‍ ഗ്രൂപ്പിനെതിരേ നടപടി വേണമെന്ന് ബാങ്ക് സംരക്ഷണ സമിതി യോഗം കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് നഗരത്തില്‍ 61 വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കാണിത്. ജില്ലയിലെ പ്രഥമ ക്ളാസ്വണ് സൂപ്പര്‍ഗ്രേഡ് ബാങ്ക് കൂടിയാണ്. 508 കോടി രൂപയുടെ നിക്ഷേപവും 235 കോടിയുടെ വായ്പയുമുണ്ട്. എട്ടു ശാഖകളുള്ള ബാങ്കിന് 100 കോടിയുടെ ആസ്തിയുണ്ട്. 47 ജീവനക്കാരും 34,000 അംഗങ്ങളുമുണ്ട്.
എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള ബാങ്കാണിത്. നിലവിലുള്ള ഭരണസമതിയുടെ പിന്തുണയോടെ നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്.
ബാങ്ക് ഏതെങ്കിലും പാര്‍ട്ടിയുടെ പോഷക സ്ഥാപനമോ കീഴ്ഘടകമോ അല്ലെന്നും പാര്‍ട്ടി നേതാക്കള്‍ക്ക് േകാടികള്‍ സമ്പാദിക്കാനുള്ള വില്പന ചരക്കാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും സംരക്ഷണ സമിതി വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അച്ചടക്ക നടപടികള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കെതിരേ പാര്‍ട്ടി സ്വീകരിക്കാനാണ് സാധ്യത.