ജില്ലാ ഹാൻഡ് ബോൾ: അൽഫോൻസാ സ്കൂളിന് ഉജ്വല വിജയം
1451551
Sunday, September 8, 2024 4:51 AM IST
താമരശേരി: കോഴിക്കോട് ജില്ലാ സിബിഎസ്ഇ സ്കൂൾ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിന് താമരശേരി അൽഫോൻസാ സ്കൂളിൽ ആവേശകരമായ സമാപ്തി. കോഴിക്കോട് ജില്ലയിലെ 29 ടീമുകൾ നാലു വിഭാഗങ്ങളായി മത്സരത്തിൽ മാറ്റുരച്ചു.
14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിലും 17 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിലും ആയി അൽഫോൻസാ സ്കൂൾ മൂന്ന് കിരീടങ്ങളാണ് സ്വന്തമാക്കിയത്. 17 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ദയാപുരം റസിഡൻഷ്യൽ സ്കൂൾ കിരീടം നേടി.
14 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ദയാപുരം റസിഡൻഷ്യൽ സ്കൂളിനെ കീഴടക്കിയാണ് അൽഫോൻസാ സ്കൂൾ ചാമ്പ്യന്മാരായത്. പ്രസ്തുത വിഭാഗത്തിൽ അൽഫറൂക് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ബി ലൈൻ പബ്ലിക് സ്കൂളിനെ കീഴടക്കി അൽഫോൻസാ സ്കൂൾ ജേതാക്കളായി.അൽഫറൂക് സ്കൂൾ മൂന്നാം സ്ഥാനം സ്വന്തമാക്കി. 17 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ദയാപുരം റസിഡൻഷ്യൽ സ്കൂളിനെ കീഴടക്കിയാണ് അൽഫോൻസാ സ്കൂൾ ജേതാക്കളായത്.
അൽ ഫാറൂഖ് സ്കൂൾ മൂന്നാം സ്ഥാനം നേടി. 17 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ അൽഫോൻസാ സ്കൂളിനെ കീഴടക്കി ദയാപുരം റസിഡൻഷ്യൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. ഗ്രീൻ വാലി സ്കൂളിനാണ് മൂന്നാം സ്ഥാനം. സിസാ ഖദീജ (ദയാപുരം), മാസിൻ ഇർഷാദ് (ബി ലൈൻ), ഫെബിയ ഫാത്തിമ (ദയാപുരം), പി.പി. നെഹാൻ (അൽഫോൻസാ) എന്നിവരെ മികച്ച ഗോൾകീപ്പർമാരായി വിവിധ വിഭാഗങ്ങളിൽ തെരഞ്ഞെടുത്തു.
അൽഫോൻസാ സ്കൂളിലെ ക്രിസ്റ്റീനാ സണ്ണി ഇമ്മാനുവൽ, ഷാബിൻ റഹ്മാൻ എന്നിവരും ദയാപുരം സ്കൂളിലെ ഫൈഹ ഫാത്തിമയും ബെസ്റ്റ് പ്ലെയർ അവാർഡ് കരസ്ഥമാക്കി. അൽഫോൻസാ സ്കൂളിലെ ഹരി മാധവ്, വിഹാ എസ് എന്നിവരും ദയാപുരം സ്കൂളിലെ ഐമാന്, അൽ ഫറൂഖ് സ്കൂളിലെ ഫാത്തിമ ഫൈഹ എന്നിവരും മികച്ച വാഗ്ദാനങ്ങൾ ആയി തെരഞ്ഞെടുക്കപ്പെട്ടു.
അൽഫോൻസാ സ്കൂളിൽ നടന്ന ചടങ്ങിൽ ദേശീയ ബാസ്കറ്റ് ബോൾ താരം മോളി പീ. ബെനഡിക്ട് വിജയികൾക്കുള്ള സമ്മാനങ്ങൾവിതരണം ചെയ്തു. മലബാർ സഹോദയ പ്രസിഡന്റ് മോനി യോഹന്നാൻ, അൽഫോൻസാ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിൽസൺ ജോസഫ്, വൈസ് പ്രിൻസിപ്പൽ കെ.വി.സെബാസ്റ്റ്യൻ, ഫാ. ജോർജ്, അഖിൽ പി. മാത്യു, ബേസിൽ ജോർജ്, പി.ടി. ശീതൾ, രഞ്ജു മാത്യു എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.