വയനാട് ദുരന്തം: പുനരധിവാസ പ്രദേശത്ത് പള്ളിയും മദ്റസയും നിര്‍മിച്ചു നല്‍കുമെന്ന്
1442180
Monday, August 5, 2024 4:45 AM IST
കോഴിക്കോട്: വയനാട് ദുരന്തത്തിനിരയായവരുടെ പുനരധിവാസ പ്രദേശത്ത് പള്ളിയും മദ്റസയും നിര്‍മിച്ചു നല്‍കുമെന്ന് സമസ്ത നേതാക്കള്‍ അറിയിച്ചു.
സമസ്ത സഹായ പദ്ധതിയുടെ ഭാഗമായി പള്ളികള്‍ കേന്ദ്രീകരിച്ചും മറ്റും നടത്തിയ ഫണ്ട് സമാഹരണം വന്‍ വിജയമാക്കിയവര്‍ക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്ലിയാര് കൊയ്യോട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ട്രഷറര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉന്നത നേതാക്കളുടെ നേതൃത്വത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും പോഷക സംഘടന നേതാക്കളും ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മേപ്പാടിയില്‍ ചേര്‍ന്ന അവലോകന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്ത യോഗം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുന്ന മുഴുവന്‍ പേരെയും അഭിനന്ദിച്ചു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി.