എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
1438478
Tuesday, July 23, 2024 7:40 AM IST
കൊയിലാണ്ടി: എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റ് വിംഗ് രക്ഷപെടുത്തി. കൊയിലാണ്ടി ഹാർബറിൽ നിന്നു മത്സ്യബന്ധനത്തിനു പോയ "പുളിയന്റെ ചുവട്ടിൽ’ എന്ന വള്ളവും ബേപ്പൂർ ഹാർബറിൽ നിന്നു മത്സ്യ ബന്ധനത്തിനു പോയ "മബ്റൂക്ക്’ എന്ന ഇൻബോർഡ് വള്ളവുമാണ് എൻജിൻ തകരാറായി കുടുങ്ങിയത്.
ബേപ്പൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിർദേശ പ്രകാരം ഇന്നലെ ഉച്ചയോടെ മറൈൻ എൻഫോഴ്സ്മെന്റ് വിംഗ് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. മബ്റൂക്കിലെ 41 മത്സ്യത്തൊഴിലാളികളെ ബേപ്പൂർ ഹാർബറിലും പുളിയന്റെ ചുവട്ടിൽ വള്ളത്തിലെ രണ്ടു മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കൊയിലാണ്ടി ഹാർബറിലുമാണ് എത്തിച്ചത്.
മറൈൻ എൻഫോഴ്സ്മെന്റ് ഹെഡ് ഗാർഡ് ഷാജി, കോസ്റ്റൽ പോലീസിലെ ജിമേഷ്, ഫൈറൂസ്, ശ്രീരാജ്, റെസ്ക്യൂ ഗാർഡുമാരായ നിധീഷ്, സുമേഷ്, ബിലാൽ, വിഘ്നേഷ് എന്നിവരാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.