ഹൃദയപരിചരണത്തിനുള്ള പരിശോധനാ സംവിധാനമൊരുക്കി
1429434
Saturday, June 15, 2024 5:26 AM IST
കോഴിക്കോട്: കോവിഡ് ഭേദമായവരിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിക്കുന്നതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഹൃദയപരിചരണത്തിനുള്ള പരിശോധനാ സംവിധാനമൊരുക്കി ജില്ലാ പോലീസ്. പോലീസ് കമ്മീഷണർ ഓഫീസിൽ ഇന്നലെ നടത്തിയ പരിശോധനയിൽ നൂറിലേറെ സേനാംഗങ്ങൾ പങ്കെടുത്തു.
പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ആർ. രാഗീഷ് ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയിലെ പോലീസുകാർക്ക് പരിശോധന നടത്തിയത്.
ഒറ്റ രക്തസാംപിൾ ഉപയോഗിച്ചുള്ള 40 ടെസ്റ്റുകളിലൂടെയാണ് കോവിഡ് അനുബന്ധ പ്രശ്നങ്ങൾ ഉണ്ടോയെന്ന് തിരിച്ചറിയുക. ലളിതമായ രക്തപരിശോധനയിലൂടെ ഹൃദയാരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയാനാകും. കുറഞ്ഞ ചെലവിൽ വീട്ടിലെത്തി സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്തിക്കൊടുക്കുന്നതാണ് പദ്ധതി.
പരിശോധനാ ഫലങ്ങൾ വിദഗ്ധ ഡോക്ടർമാരുമായി ഫോണിൽ ചർച്ച ചെയ്യാനുള്ള സൗകര്യവുമൊരുക്കും. ചടങ്ങിൽ കെപിഎ ജില്ലാ പ്രസിഡന്റ് ഷാജു അധ്യക്ഷത വഹിച്ചു. രതീഷ് ചെറുകുളത്തൂർ, റഷീദ്, സുനിൽ, ധന്യ തയ്യിൽ എന്നിവർ പ്രസംഗിച്ചു.